സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല; സുപ്രീം കോടതി

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല; സുപ്രീം കോടതി

September 6, 2018 0 By Editor

ന്യൂഡല്‍ഹി: . സ്വവര്‍ഗ ലൈംഗികത ജീവിക്കുവാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചംഗ ബെഞ്ച് ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്.

സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പാണ് ഇതോടെ റദ്ദാക്കിയിരിക്കുന്നത്. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഇന്ന് നിര്‍ണ്ണായക വിധി എത്തിയിരിക്കുന്നത്. 377ാം വകുപ്പ് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കേണ്ടത് പാര്‍ലമെന്റാണെന്ന് ഹര്‍ജിക്കാരെ എതിര്‍ത്ത് ക്രൈസ്തവ സംഘനകള്‍ വാദിച്ചു. നാല് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം കഴിഞ്ഞ ജൂലായ് 17നാണ് കേസ് വിധി പറയാന്‍ മാറ്റിവെച്ചത്.

രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എല്‍ജിബിടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു. ലിംഗവ്യത്യാസമില്ലാതെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി. 150 വര്‍ഷത്തിലധികം പഴക്കമുള്ള 377ാം വകുപ്പ് എടുത്തുകളയണമെന്ന് നിയമകമ്മീഷന്റെ 172ാം റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്തിരുന്നു.