ക്രിമിനലുകളായി മുദ്രകുത്തിയിരുന്ന സമൂഹത്തിനുള്ള ഉത്തരമാണീ വിധി..ചരിത്രവിധിയില്‍ സന്തോഷം പങ്കിട്ട് ശീതള്‍ ശ്യാം

ക്രിമിനലുകളായി മുദ്രകുത്തിയിരുന്ന സമൂഹത്തിനുള്ള ഉത്തരമാണീ വിധി..ചരിത്രവിധിയില്‍ സന്തോഷം പങ്കിട്ട് ശീതള്‍ ശ്യാം

September 6, 2018 0 By Editor

കൊച്ചി: സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ ചരിത്ര വിധിയുടെ സന്തോഷം പങ്കിട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ ശീതളും രഞ്ജുവും വിനീതും. നൂറ്റിയമ്ബത്തേഴ് വര്‍ഷമായി ക്രിമിനലുകളായി മുദ്രകുത്തപ്പെട്ടു. സ്വത്വം നിഷേധിക്കപ്പെട്ട് ധാരാളം പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. രോഗികള്‍ ആക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിനുള്ള ഉത്തരമാണീ വിധി..’ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം പറയുന്നു.

ഓരോ പൗരന്മാര്‍ക്കും സന്തോഷം നല്‍കുന്ന വിധിയാണിത്. സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ വിധിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശീതള്‍ പറഞ്ഞു. സന്തോഷത്തേക്കാളുപരി മധുരപ്രതികാരമെന്നാണ് വിധിയെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ വിശേഷിപ്പിച്ചത്. 377 എന്ന ക്രൂര നിയമത്തെ കാറ്റില്‍ പറത്തുന്നതില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

ഈ നിയമത്തിന്റെ പേരില്‍ നികൃഷ്ടജീവികളായാണ് പോലീസുദ്യോഗസ്ഥരില്‍ പലരും ഞങ്ങളെ കണ്ടിരുന്നത്. എന്തെങ്കിലും ആവശ്യത്തിനായി പോലീസ് സ്റ്റേഷനിലെത്തിയാല്‍ കൈചൂണ്ടി 377 എന്ന് വിളിച്ചിട്ടുണ്ട്. ഇനി ആ 377 ഇനിയില്ല എന്നത് വലിയ പ്രതീക്ഷയാണ്. രഞ്ജു പറയുന്നു. ഒരു വ്യക്തിയുടെ മൗലികാവാശങ്ങളെയാണ് ഇത്രകാലം ഇവിടെ ചോദ്യം ചെയ്തുകൊണ്ടിരുന്നത്. ഈയൊരു വിധിയിലേക്കെത്താന്‍ നമ്മളെന്തേ ഇത്ര വൈകിയെന്നും രഞ്ജു ചോദിക്കുന്നു.

‘നാണമില്ലേ നിങ്ങള്‍ക്ക്? സമൂഹത്തെ മാറ്റാന്‍ നോക്കാതെ സ്വയം മാറിക്കൂടേ നിങ്ങള്‍ക്ക്..?’ സെക്ഷന്‍ 377നെതിരെ പ്ലക്കാര്‍ഡുകളും ബാനറുമുയര്‍ത്തി കോടതിക്ക് മുന്നിലും തെരുവുകളിലും സമരത്തിനിറങ്ങിയപ്പോള്‍ ഭൂരിഭാഗം ആളുകളും ചോദിച്ച ഒരു ചോദ്യമുണ്ട്. ആ ചോദ്യത്തിനും ചോദിച്ച ആളുകള്‍ക്കും മുഖമടച്ചുള്ള മറുപടിയാണിത്. പറയുന്നത് ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിനീത് സീമയാണ്.

സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കുന്ന സുപ്രീം കോടതി വിധി വരുമ്‌ബോള്‍ വര്‍ഷങ്ങളായി ഈയൊരു നിമിഷത്തിനായി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഓര്‍ക്കുകയാണ് വിനീത്. 377ന്റെ പേരില്‍ ഒരുപാട് വിവേചനങ്ങള്‍ക്കും ആക്രമണങ്ങളും നേരിട്ടിട്ടുണ്ട്. പോലീസ് പോലും ഈ നിയമം പറഞ്ഞാണ് ഞങ്ങളെ നേരിട്ടിരുന്നത്. അതാണ് ഇന്ന് ഇല്ലാതായിരിക്കുന്നത്, വിനീത് പറഞ്ഞു.

നാളുകളായി നമുക്കിടയിലുള്ള ഒരു മതില്‍ക്കെട്ടാണ് ഇന്ന് തകര്‍ന്നുവീണിരിക്കുന്നത്. സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ഈ വിധിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഭൂരിഭാഗം ആളുകള്‍ക്കും ഞങ്ങളെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിനെല്ലാം ഒരു മാറ്റം വരുമെന്ന് കരുതുന്നു വിനീത് പറഞ്ഞു.

സുപ്രീംകോടതിയുടെ ചരിത്രവിധി ഇങ്ങനെ:

പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി നിയമവിധേയമെന്നും ചരിത്രവിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കി. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഐപിസി 377ാം വകുപ്പിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്.