ആള്‍ക്കൂട്ട ആക്രമണം: കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

September 7, 2018 0 By Editor

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച് പുറപ്പെടുവിച്ച വിധി ഒരാഴ്ചക്കകം നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രസര്‍ക്കാറിനുമാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. വിധി നടപ്പാക്കാത്ത പക്ഷം സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ വിധി പുറപ്പെടുവിച്ചത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ആള്‍ക്കൂട്ട ആക്രമണങ്ങളിലെ പ്രതികളെ ശിക്ഷിക്കാന്‍ പ്രത്യേക നിയമം ഉണ്ടാക്കണമെന്നും പാര്‍ലമെന്റിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

സുപ്രീംകോടതിയുടെ വിധി പുറത്ത് വന്നതിന് ശേഷവും രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഇതാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ കോടതിയെ പ്രേരിപ്പിച്ചത്.