പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം;പാര്‍ട്ടിയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം;പാര്‍ട്ടിയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

September 8, 2018 0 By Editor

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതി പാര്‍ട്ടി അന്വേഷിക്കുന്നതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. അന്വേഷണം പൊടിപൂരമായി പുരോഗമിക്കുകയാണെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.ഓഗസ്റ്റ് 14ന് പരാതി കിട്ടി. 15നു പുലര്‍ച്ചെ പരാതിക്കാരിയെ വിളിച്ചു കാര്യം തിരക്കി. 16നു വൈകീട്ട് സഖാവ് ശശിയെ ഫോണില്‍ വിളിച്ച് തിരുവനന്തപുരത്തേക്കു വരാന്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലും മലവെള്ളവും വകവെക്കാതെ 18നു തന്നെ സഖാവ് തലസ്ഥാനത്തെത്തി. തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ച് ഏകെജി സെന്ററില്‍ എത്തി. തല്‍ക്ഷണം വിശദീകരണം എഴുതിവാങ്ങി.

അതുകഴിഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചുകൂട്ടി വിഷയം ചര്‍ച്ച ചെയ്തു. രണ്ടംഗ അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു. അന്വേഷണം പൊടിപൂരമായി പുരോഗമിക്കുന്നു. റിപ്പോര്‍ട്ട് ഉടനെ കിട്ടും, കിട്ടിയാല്‍ ഉടനെ നടപടി ഉണ്ടാകും. സംശയം വേണ്ട, സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും പാര്‍ട്ടി തയ്യാറല്ല.ജയശങ്കര്‍ പറഞ്ഞു.