പ്രളയത്തിന് ശേഷം പമ്പയില്‍ വൈദ്യുതി താത്കാലികമായി പുനസ്ഥാപിച്ചു

പ്രളയത്തിന് ശേഷം പമ്പയില്‍ വൈദ്യുതി താത്കാലികമായി പുനസ്ഥാപിച്ചു

September 9, 2018 0 By Editor

പത്തനംതിട്ട: പ്രളയത്തിന് ശേഷം സന്നിധാനത്തെയും തീര്‍ഥാടന പാതയിലെയും വൈദ്യുതി താത്കാലികമായി പുന:സ്ഥാപിച്ചതായി കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ടി.എസ് സന്തോഷ്‌കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരയോട് കൂടിയാണ് വൈദ്യുതി താത്കാലികമായി പുനഃസ്ഥാപിച്ചത്. സന്നിധാനത്തേക്ക് പോകുന്ന മൂന്ന് 11 കെവി ലൈനുകളില്‍ ഒരെണ്ണമാണ്് നിലവില്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. പമ്ബയിലെ വൈദ്യുതി വിതരണം ഓഗസ്റ്റ് 18ന് തന്നെ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു.

സന്നിധാനം ഫീഡറിലെ വൈദ്യുതി താത്കാലികമായി പമ്ബ മണല്‍പ്പുറത്ത് താല്‍ക്കാലിക സ്ട്രക്ച്ചര്‍ സ്ഥാപിച്ച് പുനഃസ്ഥാപിച്ചു. കഴിഞ്ഞ മാസം പതിനാലിനായിരുന്നു പ്രളയത്തോട് കൂടി വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചത്. 150 ഓളം വൈദ്യുതി പോസ്റ്റുകളാണ് തകരാറിലായത്. മൂന്ന് കിലോമീറ്റര്‍ 11 കെവി ലൈന്‍ രണ്ട് കിലോമീറ്റര്‍ എച്ച്.ഡി കേബിളുകള്‍ക്കുമാണ് പ്രളയം മൂലം നാശനഷ്ടമുണ്ടായത്. പമ്ബ മണല്‍പ്പുറം, ഗണപതി അമ്ബലം, ത്രിവേണി എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുള്‍പ്പെടെ നശിച്ചു.

വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി നാല് ടീമുകളെ നിയോഗിച്ചിരുന്നു. പമ്ബ മണല്‍പ്പുറത്തെ തെരുവുവിളക്കുകള്‍ പൂര്‍ണമായും നശിച്ച് പോയതിനാല്‍ ഇവ ഉടനെ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പമ്ബാനദിതീരത്ത് ചെളി അടിഞ്ഞ് കൂടിയ സാഹചര്യത്തില്‍ ഇവ നീക്കം ചെയ്തതിന് ശേഷമാണ് വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചു തുടങ്ങിയത്.

സന്നിധാനം 11 കെവി ഫീഡര്‍മാത്രമാണ് പമ്ബാനദിക്ക് അക്കരെയെത്തിച്ചത്. ശബരി, മരക്കൂട്ടം ഫീഡറുകള്‍ ലാറ്റിസ് സ്ട്രക്ചറിന്റെ ഫൗണ്ടേഷന്‍ ഉറയ്ക്കുന്ന മുറയ്ക്ക് 10 ദിവസത്തിനുള്ളില്‍ ചാര്‍ജ് ചെയ്യും. സ്ഥിരം സപ്ലൈ നല്‍കുന്നതിനുള്ള ആറ് ലാറ്റിസ് ബോര്‍ഡിലെ കണ്‍സ്ട്രക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. പമ്ബയിലെ വൈദ്യുതി പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കുന്നതിന് ഒരു മാസത്തെ കാലതാമസമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.