അഗളിയുടെ ചരിത്രമായ പോലീസുകാരന് നാടിന്റെ ഊഷ്മളമായ യാത്രയയപ്പ്

അഗളിയുടെ ചരിത്രമായ പോലീസുകാരന് നാടിന്റെ ഊഷ്മളമായ യാത്രയയപ്പ്

September 12, 2018 0 By Editor

അഗളി: ചുരുങ്ങിയ ദിവസങ്ങളിലെ സേവനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച അഗളി എഎസ്പി സുജിത്ദാസ് ഐപിഎസിന് സ്ഥലം മാറ്റം. ഇന്നു രാവിലെ 11.30 ന് അഗളി സ്റ്റേഷന്‍ പരിസരത്ത് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കും. 2018 ഏപ്രില്‍ 21ന് അഗളി സബ് ഡിവിഷനില്‍ എ എസ് പിയായി അദ്ദേഹം നാലുമാസവും പതിനഞ്ചുദിവസവും മാത്രമാണ് അട്ടപ്പാടിയിലുണ്ടായിരുന്നത്. അട്ടപ്പാടിയിലെ ആദിവാസി യുവാക്കളുടെ കായികവളര്‍ച്ചയ്ക്കുവേണ്ടി 38 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് അഗളിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റിലൂടെയാണ് അദ്ദേഹം അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങളാരംഭിച്ചത്.

ടൂര്‍ണമെന്റില്‍ നിന്ന് ഇരുപതോളം യുവപ്രതിഭകള്‍ക്ക് പരിശീലനം നല്‍കി മികച്ച താരങ്ങളെ വാര്‍ത്തെടുത്തു. യുവാക്കളായി പോലീസുകാരെ ഉള്‍പ്പെടുത്തി ക്രൈം ഡിറ്റക്ഷന്‍ സ്‌ക്വാഡ് രൂപീകരിക്കുകയും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള തീവ്രശ്രമം നടത്തുകയും ചെയ്തു.

പ്രമാദമായ പീഡനകേസിലെ പതിനൊന്നു പ്രതികളെ 12 മണിക്കൂറുകള്‍ക്കകം അറസ്റ്റുചെയ്ത് നിയമത്തിനു മുന്നിലെത്തിച്ചു. അട്ടപ്പാടിയിലേക്ക് മദ്യലോബികള്‍ വില്പനക്കുകൊണ്ടുവന്ന 391 ലിറ്റര്‍ മദ്യവും 24 വാഹനങ്ങളും പിടികൂടി. 36 കേസുകളിലായി 44 പ്രതികളെയാണ് മദ്യകടത്തുമായി ബന്ധപ്പെട്ട് പിടികൂടിയത്. കൂടാതെ മുപ്പതുകിലോ ചന്ദനവും പതിമൂന്നരകിലോ കഞ്ചാവും പിടിച്ചെടുത്തു. അട്ടപ്പാടിയുടെ ഉള്‍വനങ്ങളില്‍ കൃഷിചെയ്തിരുന്ന വന്‍ കഞ്ചാവുതോട്ടങ്ങള്‍ മൂന്നു ഘട്ടങ്ങളിലായി തകര്‍ത്തു.

കഞ്ചാവ്, ചന്ദന,മദ്യലോബികള്‍ക്ക് പേടിസ്വപ്നമായി വിലസിയ ഐ പി എസ് ഓഫീസര്‍ക്ക് പൊടുന്നനെയുണ്ടായ സ്ഥലംമാറ്റത്തില്‍ മാഫിയ സംഘങ്ങളുടെ കറുത്തകൈ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ആരോപണം. അട്ടപ്പാടിയുടെ ചരിത്രത്തില്‍ ഇത്രയും ചുരുങ്ങിയകാലംകൊണ്ട് ഇത്രയേറെ കേസുകള്‍ ആരുംതന്നെ കൈകാര്യംചെയ്തിട്ടില്ല.