കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്ര വികസനം മൂന്നാം ഘട്ടത്തിലേക്ക്

April 27, 2018 0 By Editor

കല്‍പ്പറ്റ: ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തില്‍ മൂന്നാം ഘട്ട വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ടൂറിസം വകുപ്പ് അനുവദിച്ച നാലുകോടി രൂപ വിനിയോഗിച്ച് വാച്ച് ടവറുകള്‍, ലോട്ടസ് പോണ്ട്, ഫിഷിംഗ് ഡക്ക്, നടപ്പാതകള്‍, ജനറല്‍ ലാന്‍ഡ് സ്‌കേപ്പിംഗ്, കുടിലുകള്‍, പാര്‍ക്കിംഗ് ഏരിയ എന്നിവയുടെ നിര്‍മാണമാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 5.21 കോടി രൂപയും ചെലവഴിച്ച് കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ടൂറിസം കേന്ദ്രത്തില്‍ ഒന്നും രണ്ടും ഘട്ട പ്രവൃത്തികള്‍ നടത്തിയത്.

2017 മേയ് അഞ്ചിനാണ് ടൂറിസം കേന്ദ്രം ഔദ്യോഗികമായി സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തത്. 2017 ജൂണ് 11 മുതല്‍ 2018 മാര്‍ച്ച് 31 വരെ 1,89,639 സഞ്ചാരികളാണ് കേന്ദ്രത്തിലെത്തിയത്. ഇതില്‍ 41,762 പേര്‍ കുട്ടികളാണ്. ഈ മാസം 24 വരെ 16,153 മുതിര്‍ന്നവരും 3,932 കുട്ടികളും അടക്കം 20,085 പേരാണ് കാരാപ്പുഴ സന്ദര്‍ശിച്ചത്.

പ്രദേശവാസികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചാണ് ടൂറിസം സെന്ററിന്റെ പരിപാലനം. രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് മുപ്പതും 12 വയസിനു താഴെയുള്ളവര്‍ക്ക് പത്ത് രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിവിധോദ്ദേശ്യ പദ്ധതിയാണ് കാരാപ്പുഴ. ജലസേചനത്തിനായാണ് പദ്ധതി വിഭാവനം ചെയ്തത്.

നിലവില്‍ കുടിവെള്ള വിതരണത്തിനും അണയിലെ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്. ഡാം റിസര്‍വോയറില്‍നിന്നു കനാലുകളിലൂടെ 13.12 കിലോമീറ്റര്‍ വെള്ളമെത്തുന്നുണ്ട്. ഇടതുകര കനാലിലൂടെ 6.10 കിലോമീറ്റര്‍ വരെയും വലതുകര കനാലിലൂടെ 7.02 കിലോമീറ്റര്‍ വരെയുമാണ് സ്ഥിരമായി ജലവിതരണം.

കാരാപ്പുഴയില്‍നിന്നു കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലും കൃഷ്ണഗിരി, പുറക്കാടി വില്ലേജുകളിലും കുടിവെള്ള വിതരണം നടത്തുന്നുണ്ട്. മേപ്പാടി, മൂപ്പൈനാട്, നൂല്‍പ്പുഴ, മുട്ടില്‍ പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലും ശുദ്ധജല വിതരണം കേരള വാട്ടര്‍ അഥോറിറ്റി മുഖേന നടത്തുന്നതിനുള്ള പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണ്. ഫിഷറീസ് വകുപ്പ് മുഖേന മത്സ്യകൃഷി വികസനത്തിനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 201819ലെ സംസ്ഥാന ബജറ്റില്‍ കാരാപ്പുഴയ്ക്ക് 13.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.