ആദര്‍ശയായ മരുമകളെ വാര്‍ത്തെടുക്കാന്‍ മൂന്നുമാസം നീണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

September 16, 2018 0 By Editor

നിങ്ങള്‍ സ്ത്രീത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവരാണെങ്കില്‍ സ്ത്രീകളെ മാനസികമായും ശാരീരികമായും അവഹേളിക്കുന്നവരോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയാത്തവരാണെങ്കില്‍ ഈ വാര്‍ത്ത തീര്‍ച്ചയായും ചൊടിപ്പിക്കും. സംസ്‌കാര സമ്പന്നയായ സ്ത്രീകളെ വാര്‍ത്തെടുക്കാനെന്ന പേരില്‍ ഒരായിരം അരുതുകള്‍ കല്‍പ്പിക്കുന്ന സമൂഹമാണിത്. അതിനിടയിലേക്കിതാ ആദര്‍ശയായ മരുമകളെ കണ്ടെത്താന്‍ ഒരു സര്‍വകലാശാല കോഴ്‌സ് തുടങ്ങിയിരിക്കുകയാണത്രേ.

ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയാണ് ആദര്‍ശയായ മരുമകളെ വാര്‍ത്തെടുക്കാന്‍ മൂന്നുമാസം നീണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്താനൊരുങ്ങുന്നത്. വിവാഹത്തിനു മുമ്പെ സ്ത്രീകളെ ആദര്‍ശശീലകളായ മരുമകളാകുവാന്‍ ഒരുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. സര്‍വകലാശാലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ: ഡിസി ഗുപ്ത ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.

” സര്‍വകലാശാല എന്ന നിലയ്ക്ക്, ഞങ്ങള്‍ക്ക് സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. അക്കാദമിക തലം മാത്രമെന്നു പരിധിവെക്കരുത്. കുടുംബത്തെ കോട്ടമില്ലാതെ കാത്തുസൂക്ഷിക്കുന്ന ഭാര്യമാരാകാന്‍ പെണ്‍കുട്ടികളെ തയ്യാറെടുപ്പിക്കുകയാണ് ലക്ഷ്യം. ഇത് സ്ത്രീശാക്തീകരണത്തിന്റെ ഭാഗ്യമാണ്.”ഗുപ്ത പറയുന്നു

അടുത്ത അക്കാദമിക വര്‍ഷത്തോടെ ആരംഭിക്കുന്ന കോഴ്‌സില്‍ തുടക്കത്തില്‍ മുപ്പതു പെണ്‍കുട്ടികള്‍ക്കാണ് അവസരം ലഭിക്കുക. സോഷ്യോളജി, സൈക്കോളജി, വിമന്‍ സ്റ്റഡീസ് വിഭാഗങ്ങളിലായിരിക്കും കോഴ്‌സ് അനുവദിക്കുക.

കോഴ്‌സ് പൂര്‍ത്തിയാകുന്നതോടെ കുടുംബത്തിന്റെ തലങ്ങള്‍ മനസ്സിലാക്കാന്‍ തക്കവണ്ണമുള്ള നിലയില്‍ സ്ത്രീകള്‍ എത്തിയിരിക്കണം എന്നതാണ് ലക്ഷ്യമിടുന്നതെന്നും ഗുപ്ത പറഞ്ഞു. സമൂഹത്തില്‍ പോസിറ്റീവായ മാറ്റം ഉണ്ടാക്കുവാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും കോഴ്‌സിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. സ്ത്രീകളെ ചട്ടംപടിപ്പിക്കാന്‍ കാത്തിരിക്കുന്നവര്‍ എന്തുകൊണ്ട് പുരുഷന്മാര്‍ക്ക് ഇത്തരം ക്ലാസുകള്‍ എടുക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് പലരുടെയും ചോദ്യം.