ഐഎസ്എല്‍: കോപ്പലാശാനെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് ഏകപക്ഷീയമായ ഗംഭീര തുടക്കം

September 30, 2018 0 By Editor

കൊല്‍ക്കത്ത: കോപ്പലാശാനെ ഞെട്ടിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന് ഏകപക്ഷീയമായ ഗംഭീര തുടക്കം. ഐഎസ്എല്‍ അഞ്ചാം സീസണില്‍ എടികെയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടനം തകര്‍ത്തു. പോപ്ലാറ്റ്‌നിച്ച്, സ്റ്റൊജാനോവിച്ച് എന്നിവരുടെ സുന്ദരന്‍ ഗോളുകളില്‍ 20ന് ആധികാരികമായിരുന്നു മഞ്ഞപ്പടയുടെ വിജയം. ആദ്യമായാണ് കൊല്‍ക്കത്തയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെയെ തോല്‍പ്പിക്കുന്നത്. ഇതോടെ അഞ്ചാം സീസണിന്റെ തുടക്കം മഞ്ഞപ്പടയ്ക്ക് ത്രിസിപ്പിക്കുന്നതായി. മുന്‍ പരിശീലകന്‍ കോപ്പലാശാന്റെ ടീമിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെന്നത് മഞ്ഞപ്പടയ്ക്ക് ഇരട്ടിമധുരമായി.

നേരത്തെ, ആദ്യ പകുതി ഗോള്‍രഹിത സമനിലയ്ക്ക് പിരിഞ്ഞിരുന്നു. ഇരുടീമുകളും ആക്രമത്തോടെ തുടങ്ങിയപ്പോള്‍ അഞ്ചാം സീസണിലെ ആദ്യ മത്സരം ആവേശഭരിതമായി. ആദ്യ ഇലവനിലെ ഏക മലയാളി താരമായ സഹല്‍ അബ്ദുള്‍ സമദ് മികച്ച ചില ഷോട്ടുകളുതിര്‍ത്ത് ആദ്യ പകുതിയില്‍ കയ്യടിവാങ്ങി. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫിനിഷിംഗില്‍ പിഴയ്ക്കുകയായിരുന്നു മഞ്ഞപ്പടയ്ക്ക്. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോള്‍രഹിത സമനില തുടരും എന്ന് തോന്നിച്ച ഘട്ടത്തില്‍ ഇരട്ട ഗോള്‍നേടി ബ്ലാസ്റ്റേഴ്‌സ് കളി എടികെയില്‍ നിന്ന് പിടിച്ചെടുത്തു.