വേങ്ങര പറപ്പൂരില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍  ആള്‍ മരിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്

വേങ്ങര പറപ്പൂരില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ ആള്‍ മരിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്

October 13, 2018 0 By Editor

മലപ്പുറം : വേങ്ങര പറപ്പൂരില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ ആള്‍ മരിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവടക്കം അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. പറപ്പൂര്‍ സ്വദേശിയും ഡിവൈഎഫ്‌ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറിയുമായ അബ്ദുള്‍ ജബ്ബാര്‍, സുഹൃത്തുക്കളായ നൗഫല്‍, അസ്‌കര്‍, മൊയ്തീന്‍ ഷാ, ഹക്കീം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. കോയയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

മര്‍ദനത്തില്‍ പറപ്പൂര്‍ സ്വദേശി സ്വദേശി പൂവലവളപ്പില്‍ കോയയാണ് മരിച്ചത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കോയക്ക് മര്‍ദനമേറ്റത്. പറപ്പൂര്‍ ജംഗ്ഷനില്‍ ലോറി നിര്‍ത്തിയിടുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇന്നലെ രാവിലെ 10 മണിയോടെ കോയയെ ജബ്ബാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ കോയയെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ ഗുരുതരാവസ്ഥയിലായി. ഹൃദയത്തിനും കരളിനും മര്‍ദനത്തില്‍ ക്ഷതമേറ്റിരുന്നു. കരളില്‍ നിന്ന് രക്തം വാര്‍ന്നതോടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.