ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്

ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്

April 30, 2018 0 By Editor

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്. നീതിപൂര്‍വമായ കേസ് നടത്തിപ്പിന് വനിതാ ജഡ്ജിയുടെ സേവനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണത്തിന് ഇരയായ നടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു തൃശൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 20 ന് സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി പിടിയിലാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നടന്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുകയും ഇതിനെ തുടര്‍ന്ന് ജൂലൈ പത്തിന് ദിലീപിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങുന്നത്.കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് നേരത്തെ നടി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അതിനുള്ള നിയമ നടപടികള്‍ ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. എന്നാല്‍, വനിതാ സെഷന്‍സ് ജഡ്ജിമാര്‍ ജില്ലയില്‍ കുറവാണെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ മറുപടി നല്‍കുകയായിരുന്നു.ജില്ലയില്‍ രണ്ട് വനിതാ ജഡ്ജിമാരാണുള്ളത്. ഒരാള്‍ സിബിഐ ജഡ്ജിയും മറ്റെയാള്‍ സമീപ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്നയാളും. അതിനാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വാദം കേള്‍ക്കട്ടെ എന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. ഇത്തരം കേസുകളില്‍ വനിതാ ജഡ്ജി വേണമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചാണ് നടി നീങ്ങുന്നത്. നടികള്‍ ഉള്‍പ്പടെ 385 പേരാണ് കേസില്‍ സാക്ഷികളായുള്ളത്.