ശബരിമല സംഘര്‍ഷം: ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി

ശബരിമല സംഘര്‍ഷം: ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി

October 18, 2018 0 By Editor

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പന്പയിലും നിലയ്ക്കലിലും അരങ്ങേറിയ സംഘര്‍ഷങ്ങളെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാരും പോലീസും ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച്‌ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിവന്നിരുന്നത്. എന്തിന് വേണ്ടിയാണ് ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങളെ പോലീസ് ലാത്തികൊണ്ട് നേരിട്ടത്. അവിടെ നാമജപ പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ കെട്ടിയ പന്തല്‍ പൊളിച്ചതെന്തിനാണ്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് സമരം നടത്താന്‍ പോലീസ് എല്ലാം സൗകര്യവും ചെയ്തു കൊടുത്തുവെന്നും ഇത് സിപിഎം-കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനമാണ് ശ്രീധരന്‍പിള്ള നടത്തിയത്. ദേവസ്വം മന്ത്രി എന്തിനാണ് ശബരിമലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നതെന്നും ദേവസ്വം ബോര്‍ഡല്ലേ ഇക്കാര്യങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി എന്തിനാണ് പന്പയില്‍ രാഷ്ട്രീയ വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയില്‍ സംഘര്‍ഷമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയെ ഏത് വിധേനയും തകര്‍ക്കുന്ന എന്ന ഗൂഢ അജണ്ടയാണ് സര്‍ക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.