സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: അപലപിച്ച് നേതാക്കള്‍

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: അപലപിച്ച് നേതാക്കള്‍

October 27, 2018 0 By Editor

തിരുവനന്തപുരം:സന്ദീപാനന്ദഗിരിക്ക് നേര ഉണ്ടായ ആക്രമണത്തെ അപലപിച്ച് സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും‍. സന്ദീപാനന്ദഗിരിയെ ജീവനോടെ ചുട്ടുകൊല്ലാനാണ് അക്രമികൾ ശ്രമിച്ചതെന്നും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ബിജെപിയ്ക്കും ആ‌ർഎസ്എസ്സിനുമാണെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറ‍ഞ്ഞു. സന്ദീപാനന്ദഗിരിയെ വധിക്കാൻ ശ്രമിച്ചവരെ ഉടൻ പിടികൂടണമെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണമെന്നും വിഎസ് അച്യുതാനന്ദന്‍ പറ‍ഞ്ഞു.
ആക്രമണം അപലപനീയമെന്നും അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ആക്രമണത്തിന് പിന്നിലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം സന്ദീപാനന്ദഗിരിയുടെ വീടിന് നേരെയുള്ള ആക്രമണം സർക്കാരും സ്വാമിയും ചേർന്നുള്ള ഗൂഢാലോചനയെന്നാണ് ബിജെപിയുടെ ആരോപണം. ആക്രമണത്തിന്‍റെ മുഖ്യപങ്ക് പിണറായിക്കും സന്ദീപാനന്ദഗിരിക്കുമെന്നാണ് പി.കെ കൃഷ്ണദാസ് പറഞ്ഞത്. ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണിതെന്നും കൃഷ്ഷദാസ് ആരോപിച്ചു.