ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ എം സ്വരാജിനെതിരെ രൂക്ഷ വിമര്‍ശനം

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ എം സ്വരാജിനെതിരെ രൂക്ഷ വിമര്‍ശനം

October 29, 2018 0 By Editor

പാലക്കാട്: ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പികെ ശശി വിഷയം ചര്‍ച്ച ചെയ്യുന്നതിനെ വിലക്കിയ എം സ്വരാജിനെതിരെ രൂക്ഷ വിമര്‍ശനം. സമ്മേളനത്തില്‍ എന്ത് ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന കമ്മിറ്റി അല്ലാ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഡിവൈഎഫ്‌ഐ സംഘടനാ റിപ്പോര്‍ട്ടിനുമേലുളള പൊതുചര്‍ച്ച ആരംഭിക്കുന്നതിന് മുന്‍പായിരുന്നു പികെ ശശിക്കെതിരെയുളള പരാതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞത്.

സംഘടനയെ ശക്തി പെടുത്താനുളള ചര്‍ച്ചകളുമായി മുന്‍പോട്ട് പോകാം എന്നായിരുന്നു എം സ്വരാജിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇതിനെ പ്രതിനിധികള്‍ എതിര്‍ത്തു. ജില്ലാ സമ്മേളനങ്ങളില്‍ എന്താണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് തിരുമാനിക്കുന്നത് സംസ്ഥാന സമിതിയാണോ എന്ന് പ്രതിനിധികള്‍ ചോദിച്ചു. പികെ ശശിക്കെതിരെ ജില്ലാ കമ്മിറ്റി അംഗം നല്‍കിയ പരാതിയില്‍ പരാതിക്കാരിക്ക് വേണ്ടി ജില്ലാ നേതൃത്വം വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചവരെ എങ്ങനെയാണ് വിശ്വസിക്കുകയെന്നും ഇങ്ങനെയാണെങ്കില്‍ വനിതാ അംഗങ്ങള്‍ക്ക് എന്ത് സുരക്ഷയാണുളളതെന്നും പ്രതിനിധികള്‍ ചോദിച്ചു. ഇതോടെ സ്വരാജ് ചര്‍ച്ചയില്‍ ഇടപെട്ടു. സമ്മേളനം അലങ്കോലപ്പെടുത്താന്‍ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയ സ്വരാജ് പികെ ശശിക്കെതിരെയുളള തുടര്‍വിമര്‍ശനങ്ങളെ തടഞ്ഞു.