ചൂടുകുരുവില്‍ നിന്ന് രക്ഷപ്പെടാം

ചൂടുകുരുവില്‍ നിന്ന് രക്ഷപ്പെടാം

May 1, 2018 0 By Editor

വേനല്‍ക്കാലത്ത് ചൂടുകുരു കുട്ടികളിലും മുതിര്‍ന്നവരിലും സര്‍വസാധാരണമായി കാണാറുണ്ട്. അമിത വിയര്‍പ്പാണ് അതിന്റെ കാരണം. കൂടെക്കൂടെ സോപ്പുപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ മേലു കഴുകുകയും പരുത്തി വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. കലാമിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടിയാല്‍ കുറച്ച് ആശ്വാസം ലഭിക്കും. വിയര്‍പ്പു കുറയ്ക്കാനുള്ള മരുന്നുകളും ലഭ്യമാണ്. അവ ഉപയോഗിക്കുന്നത് വിദഗ്ദ്ധ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം.

ചൂടുകാലത്ത് അമിത വിയര്‍പ്പുമൂലം ശരീരഭാഗങ്ങളില്‍ (ഉദാ: കക്ഷം, അരയിടുക്കുകള്‍) പൂപ്പല്‍ ബാധ ഉണ്ടാകാറുണ്ട്. സ്ത്രീകളില്‍ യോനീഭാഗങ്ങളില്‍ ചൊറിച്ചിലും, വെള്ളപോക്കും കാണാറുണ്ട്. ഈ പൂപ്പല്‍ ബാധയ്ക്കുള്ള പ്രധാന കാരണം ചൂട്, ഈര്‍പ്പം മുതലായവയാണ്. ശരീരത്തില്‍ കൂടുതലായി വിയര്‍ക്കുന്ന ഭാഗങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുകയും കുളി കഴിഞ്ഞാലുടന്‍ നന്നായി തുടച്ച് ഈര്‍പ്പം മാറ്റിയശേഷം ഫംഗസിനെ പ്രതിരോധിക്കുന്ന പൗഡറുകള്‍ ഉപയോഗിക്കുകയും ചെയ്യണം.

വിരലുകള്‍ക്കിടയിലെ ഫംഗസ് ബാധയ്ക്ക് ഉപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ഫംഗസിനെതിരായുള്ള ക്രീമുകളോ ഓയിന്‍മെന്റുകളോ തുടര്‍ച്ചയായി പുരട്ടണം. പുറമെ പുരട്ടുന്ന ആന്റി ഫംഗസ് ക്രീമുകള്‍ ഫലപ്രദമല്ലെങ്കില്‍ ഉള്ളില്‍ കഴിക്കുന്ന മരുന്നുകളും ലഭ്യമാണ്. ഫംഗസ് ബാധയുണ്ടെന്ന് വ്യക്തമായാല്‍ എത്രയും പെട്ടെന്ന് ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കാണേണ്ടതാണ്.