പ്രളയ അതിജീവനത്തിൻ്റെ പുതുചരിത്രം; പുതുമോടിയോടെ മോഹനേട്ടൻ്റെ കട ഒരുങ്ങുന്നു

പ്രളയ അതിജീവനത്തിൻ്റെ പുതുചരിത്രം; പുതുമോടിയോടെ മോഹനേട്ടൻ്റെ കട ഒരുങ്ങുന്നു

February 2, 2019 0 By Editor

വടക്കാഞ്ചേരി : പെരും പ്രളയത്തിനിടയിലെ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ കുറാഞ്ചേരി, പ്രളയ അതിജീവനത്തിന്റെ പുതുചരിത്രം കുറിയ്ക്കുന്നു. നാടിന്റെ കണ്ണീരോർമ്മകളായ കന്നു കുഴിയിൽ മോഹനന്റെയും, കുടുംബത്തിന്റെയും സ്മരണകൾക്ക് പ്രണാമവുമായി പുതുമോടിയോടെ മോഹനേട്ടന്റെ കട കുറാഞ്ചേരിയിൽ വീണ്ടും ഉയർന്ന് കഴിഞ്ഞു.

ദുരന്തം നടന്ന് ആറ് മാസമാകുമ്പോഴാണ് എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞ സ്ഥലത്ത് വീണ്ടും പുതു പ്രതീക്ഷയുടേയും, അതിജീവനത്തിന്റേയും സ്മാരകമായി മോഹനൻ നടത്തിയിരുന്ന വ്യാപാര സ്ഥാപനം പുനരവതരിയ്ക്കുന്നത്. കുറാഞ്ചേരിയിൽ സംസ്ഥാന പാതയോട് തൊട്ട് നിർമ്മാണം പൂർത്തീകരിച്ച പച്ചക്കറി വ്യാപാര സ്ഥാപനം ഇനി പ്രവർത്തിയ്ക്കുക. ജീവകാരുണ്യത്തിന്റെ സന്ദേശവുമായാണ് ലാഭത്തേക്കാളുപരി കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് മികച്ച ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മോഹനന്റെ ബന്ധുക്കളും, സുഹൃത്തുക്കളും പറയുന്നു. മോഹനേട്ടന്റെ കടയെന്നാണ് സ്ഥാപനത്തിൻ്റെ പേര്. ഫെബ്രുവരി ആറിനാണ് ഉദ്ഘാടനം. ദുരന്തം ഓർമ്മയാക്കിയവർക്ക് പ്രണാമമായി കടയ്ക്ക് മുന്നിലെ ബോർഡിൽ മോഹനൻ ഭാര്യ ആശാ ദേവി, മക്കളായ അഖിൽ (വിഷ്ണു ), അമൽ എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.വടക്കാഞ്ചേരി നഗരസഭയുടെ കൃത്യമായ ഇടപെടലുകളും, സഹായങ്ങളും കട പുനർനിർമ്മാണത്തിന്റെ ആക്കം കൂട്ടി. കുറാഞ്ചേരിയുടെ സങ്കട കടൽ മാറ്റിയെടുത്ത് നവ കു റാഞ്ചേരി നിർമ്മാണവും അതിവേഗം പുരോഗമിയ്ക്കുകയാണ്. തെക്കുംകര പഞ്ചായത്ത് നടത്തുന്ന കുറാഞ്ചേരി- നായരങ്ങാടി റോഡ് നിർമ്മാണവും ധ്രുതഗതിയിലാണ്. സംസ്ഥാന പാതയോട് തൊട്ട് റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്.

റിപ്പോർട്ട് ; സിന്ദൂര നായർ