ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ചെർപ്പുളശ്ശേരി ലൈംഗിക പീഡനാരോപണം

March 22, 2019 0 By Editor

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ചെർപ്പുളശ്ശേരി ലൈംഗിക പീഡനാരോപണം. സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കില്ലെന്ന് ആദ്യം പ്രതികരിച്ച സിപിഎം നേതൃത്വം പ്രതിഷേധത്തെത്തുടർന്ന് നിലപാട് മാറ്റുകയായിരുന്നു. സംഭവത്തിൽ പാർട്ടിതല അന്വേഷണം നടത്തുമെന്നാണ് സിപിഎം ഏരിയാ നേതൃത്വത്തിന്റെ നിലവിലെ നിലപാട്.

എട്ട് മാസം മുൻപ് മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടുണ്ടായ ആരോപണം ഇപ്പോഴും സജീവമായി ചർച്ചചെയ്യപ്പെടുകയാണ്. അതിനിടെ അതേ മേഖലയിലെ മറ്റൊരു ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആരോപണം പാർട്ടിയെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം സിപിഎം അനുഭാവികളുടേതാണെന്ന് പാർട്ടി സമ്മതിക്കുന്നുണ്ട്. താൻ എസ് എഫ് ഐ പ്രവർത്തകയാണെന്ന് പെൺകുട്ടി ആവർത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്. ഇക്കാര്യം പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിലും സ്ഥിരീകരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഈ സംഭവം സിപിഎമ്മിന്റെ നിലപാടുകളെ തന്നെ അപഹാസ്യമാക്കുന്നതാണ്.

കേരളത്തിൽ പാർട്ടി ഓഫീസുകൾ പീഡനകേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.വിഷയത്തിൽ സമരം ശക്തമാക്കുമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.പീഡിപ്പിക്കാൻ പ്രവർത്തകർക്ക് ലൈസൻസ് കൊടുക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയും വിമർശനമുന്നയിച്ചിരുന്നു.