സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഇനി ഗര്‍ഭനിരോധന ഗുളികകള്‍

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഇനി ഗര്‍ഭനിരോധന ഗുളികകള്‍

May 5, 2018 0 By Editor

വാഷിങ്ടണ്‍: ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഗുളികകള്‍ ഇന്ന് സാധാരണമാണ്. കോണ്‍ട്രാസെപ്റ്റീവ് പില്‍സ് എന്നാണ് ഇവ അറിയപ്പെടുന്നത്. സ്ത്രീകള്‍ക്കുള്ളതാണ് ഇത്തരം ഗുളികകള്‍. എന്നാല്‍ ഇനി പുരുഷന്മാര്‍ക്കും കഴിക്കാവുന്ന മെയില്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് രംഗത്തെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്ലോസ് വണ്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു.

പുരുഷന്മാര്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന കോണ്‍ട്രാസെപ്റ്റീവ് പില്‍സ് വികസിപ്പിക്കാനുള്ള ഗവേഷണത്തില്‍ പുരോഗതി ഉണ്ടെന്ന് പ്ലോസ് വണ്‍ വിശദീകരിക്കുന്നു. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ചിക്കാഗോയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷികയോഗത്തിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.

നിലവില്‍ ഗര്‍ഭനിരോധന ഉറകള്‍, വാസക്ടമി ശസ്ത്രക്രിയ തുടങ്ങിയവയാണ് പുരുഷന്മാര്‍ക്കുള്ള ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍. ഗര്‍ഭനിരോധനത്തിനായി ഹോര്‍മോണല്‍ ഗുളികള്‍ ഉപയോഗിച്ചുള്ള ചികിത്സാരീതി നിലവിലുണ്ടെങ്കിലും ഇത് സ്വാഭാവിക ബീജ ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ ഈ ചികിത്സാ രീതി ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.

എന്നാല്‍ പുതുതായി വികസിപ്പിക്കുന്ന പില്‍സ് ഈ പ്രശ്‌ന സാധ്യത ഉയര്‍ത്തുന്നില്ലെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഹോര്‍മോണിനെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ ബീജത്തിന് ചലിക്കാനുള്ള കഴിവ് നിയന്ത്രിക്കുകയാണ് ഈ ഗുളിക ചെയ്യുന്നത്. ബീജോത്പാദനത്തിനാവശ്യമായ ല്യൂട്ടിനൈസിങ് ഹോര്‍മോണ്‍, ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ എന്നിവയുടേയും ടെസ്‌റ്റോസ്റ്റീറോണിന്റേയു അളവ് കുറയ്ക്കുകയാണ് ഈ ഗുളിക ചെയ്യുന്നത്.

പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്നും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്റ്റെഫാനി പേജ് പറഞ്ഞു.