മൈക്രോഫിനാന്‍സ് കടക്കെണി മൂലം അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്തത് അയല്‍വാസികളായ ആറു പേര്‍

മൈക്രോഫിനാന്‍സ് കടക്കെണി മൂലം അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്തത് അയല്‍വാസികളായ ആറു പേര്‍

May 5, 2018 0 By Editor

പാലക്കാട്: മൈക്രോഫിനാന്‍സ് കടക്കെണിയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ പാലക്കാട് ആത്മഹത്യ ചെയ്തത് ആറു പേര്‍. ജീവനൊടുക്കിയവര്‍ അടുത്തടുത്ത് താമസിക്കുന്നവരാണ്. മരിച്ച ആറു പേര്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുമായി കട ബാധ്യതയുള്ളതായാണ് വിവരം.

വെമ്പല്ലൂര്‍ അരിയക്കോട് സ്വദേശിനിയായ വീട്ടമ്മ തന്റെ രണ്ട് മക്കള്‍ക്കൊപ്പം ഡിസംബറില്‍ കുളത്തില്‍ ചാടി മരിച്ച സംഭവവും, മഞ്ഞളളൂര്‍ നെല്ലിക്കല്‍ക്കാട്ട് മറ്റൊരു വീട്ടമ്മ ജനുവരിയില്‍ തൂങ്ങിമരിച്ച സംഭവവും മൈക്രോ ഫിനാന്‍സ് ബാധ്യത മൂലമാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മൈക്രോ ഫിനാന്‍സുകാര്‍ വീടിന് രാത്രി വൈകിയും കാവലിരുന്നതിനെ തുടര്‍ന്നാണ് കൃഷ്ണന്‍ കുട്ടി എന്നയാള്‍ ആത്മഹത്യ ചെയ്തത്. ഭാര്യയുടെ പേരില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് എടുത്ത ലോണും അയല്‍വാസികളായ സ്ത്രീകളുടെ പേരില്‍ എടുത്ത മറ്റ് ലോണുകളും തിരിച്ചടക്കാന്‍ വഴിമുട്ടിയാണ് നെല്ലിക്കല്‍ക്കാട് ചന്ദ്രന്‍ ആത്മഹത്യ ചെയ്തത്.

ഈ പ്രദേശത്ത് നിരവധി പേര്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തതായി വെളി്പപെടുത്തല്‍. പത്തുപേരുള്ള സ്ത്രീകളുടെ സംഘത്തിനാണ് സ്ഥാപനം വായ്പ നല്‍കുന്നത്. തുടക്കത്തില്‍ ഒരു ലക്ഷം രൂപയുടെ വായ്പയാണ് നല്‍കുന്നത്. ഇത് പത്ത് പേര്‍ക്കുമായി വീതിക്കും. ഇതിന്റെ 80 ശതമാനം തിരിച്ചടച്ചാല്‍ വീണ്ടും ഇതേ സംഘത്തിന് രണ്ട് ലക്ഷം രൂപ കൂടി നല്‍കും.

തുടക്കത്തില്‍ ചെറിയ ബാധ്യതയായതിനാല്‍ ഇതെടുക്കുന്ന സ്ത്രീകള്‍ പതിയെ പതിയെ വന്‍ കടക്കെണിയില്‍ അകപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസിനെ സമീപിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.