ഷാര്‍ജയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളയടിച്ച സംഘത്തിലെ എട്ട് പേര്‍ക്ക് വധശിക്ഷ

April 19, 2019 0 By Editor

ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളയടിച്ച സംഘത്തിലെ എട്ടു പേര്‍ക്ക് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചു. തട്ടിയെടുത്ത പണം സൂക്ഷിച്ച ഒന്‍പതാമന് ആറുമാസത്തെ തടവും നാട് കടത്തലുമാണ് ശിക്ഷ. ഒന്‍പതുപേരും നൈജീരിയന്‍ സ്വദേശികളാണ്.

കഴിഞ്ഞവര്‍ഷം ഷാര്‍ജയിലെ വിവിധ മണി എക്സ്ചേഞ്ചുകളും ധനകാര്യ സ്ഥാപനങ്ങളും കൊള്ളയടിച്ച സംഘത്തിലെ എട്ടുപേര്‍ക്കാണ് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചത്. മാരകായുധങ്ങളുമായി ജീവനക്കാരെയും മറ്റും ആക്രമിച്ച് പരിക്കേല്‍പിച്ചാണ് ഇവര്‍ കൊള്ളനടത്തിയത്. മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്ന വിധം കൊള്ള നടത്തുന്നത് ഷാര്‍ജയില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വളരെ ആസൂത്രിതമായാണ് സംഘം നിമിഷങ്ങള്‍ക്കുള്ളില്‍ ഷാര്‍ജയിലെ നിരവധി സ്ഥാപനങ്ങള്‍ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം സൂക്ഷിച്ചയാള്‍ക്ക് ആറുമാസത്തെ തടവ് വിധിച്ചു. ശിക്ഷപൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും. വിധിക്കെതിരെ പ്രതികള്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അനുവാദമുണ്ട്. വധശിക്ഷ ഇളവ് ചെയ്തു കിട്ടാന്‍ പ്രതികള്‍ക്ക് മേല്‍കോടതിയെ സമീപിക്കാമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.