എങ്ങനെ തൈറോയിഡ്  തിരിച്ചറിയാം

എങ്ങനെ തൈറോയിഡ് തിരിച്ചറിയാം

May 8, 2018 0 By Editor

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് മൂന്നിരട്ടി സാധ്യതയാണ് തൈറോയിഡ് രോഗങ്ങളുണ്ടാവാനുള്ളത്. 35 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ തൈറോയിഡ് രോഗങ്ങള്‍ ഒഴിവാക്കാന്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്‍.

വിവിധ തൈറോയ്ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ പ്രകടമാകുന്നവയും. തൈറോയ്ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്താനുളള ലക്ഷണങ്ങള്‍ നോക്കാം. ഈ ലക്ഷണങ്ങളിലൂടെ നിങ്ങള്‍ക്ക് തൈറോയിഡ് ഉണ്ടോയെന്ന് സ്വയം പരിശോധിക്കാം.

1. ക്ഷീണം

ഒരു കാരണവുമില്ലാതെ ക്ഷീണം പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള ഉന്മേഷം ചോര്‍ന്നു പോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പര്‍തൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയില്‍ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകല്‍ മുഴുവന്‍ അവര്‍ തളര്‍ന്നു കാണപ്പെടുന്നു. ഹൈപ്പര്‍തൈറോയിഡിസം ഉള്ള ചിലര്‍ പതിവിലേറെ ഉര്‍ജസ്വലരായി കാണപ്പെടാറുമുണ്ട്.

2. വിഷാദം

വിഷാദം പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. എന്നാല്‍ ചില രോഗങ്ങളുടെ കാരണമായി വരാറുണ്ട്. ഡിപ്രഷന് പിന്നില്‍ ഹൈപ്പോതൈറോയിഡിസമാകാം. ഉത്കണ്ഠയ്ക്കു കാരണമാകുന്നത് ഹൈപ്പര്‍തൈറോയിഡിസവും. തൈറോയ്ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുകള്‍ കൊണ്ട് പ്രയോജനമുണ്ടാകില്ല.

3. ആര്‍ത്തവക്രമക്കേടുകള്‍

ഹൈപ്പോതൈറോയിഡിസമുള്ളവരില്‍ അമിത രക്തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആര്‍ത്തവം വരാം. സമയം തെറ്റി വരുന്ന ആര്‍ത്തവം, ശുഷ്‌കമായ ആര്‍ത്തവദിനങ്ങള്‍, നേരിയ രക്തസ്രാവം എന്നിവ ഹൈപ്പര്‍തൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതയ്ക്ക് കാരണമാകാം.

4. കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ലെവല്‍ കുറയുന്നുണ്ടെങ്കില്‍ അത് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തില്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കുറയുകയും ചെയ്യും. ചിലരില്‍ ട്രൈഗ്ലിസറൈഡ് വളരെ ഉയര്‍ന്ന അളവില്‍ കാണപ്പെടാറുണ്ട്.

5. കുടുംബപാരമ്പര്യം

കുടുംബപാരമ്പര്യം ഒരു ഘടകമാകാറുണ്ട്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ ഇവരിലാര്‍ക്കെങ്കിലും തൈറോയ്ഡ് രോഗങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാന്‍ സാധ്യതയുണ്ട്.