ഇറാഖില്‍ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഇറാഖില്‍ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

April 2, 2018 0 By Editor

മൊസൂളില്‍ ഐഎസ്ഐഎസ് കൊലപ്പെടുത്തിയ 38 ഇന്ത്യക്കാരുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. മൃതദേഹങ്ങള്‍ കൈമാറാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി വികെ സിങ് പറഞ്ഞു. ഇതിനായി ഞായറാഴ്ച തന്നെ അദ്ദേഹം ഇറാഖിലേക്ക് തിരിച്ചിരുന്നു. ആദ്യം അമൃത്സറിലെത്തി മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറും. അതിനു ശേഷം പട്നയിലേക്കും കൊല്‍ക്കത്തയിലേക്കും മൃതദേഹങ്ങള്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കൈമാറുമെന്നാണ് കരുതുന്നത്.
2014ല്‍ മൊസൂളില്‍ നിന്ന് 40 പേരെയാണ് ഐഎസ്ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഇതിലൊരാള്‍ രക്ഷപെട്ടിരുന്നു. കൊല്ലപ്പെട്ട 39 പേരില്‍ 38 പേരുടെ മൃതദേഹം മാത്രമാണ് ഇന്നു നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഒരാളുടെത് ഇന്ന് എത്തിക്കാന്‍ കഴിയില്ല.
ബോട്ടിങ് സി17 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് വിമാനത്തിലാകും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്. മൃതദേഹങ്ങള്‍ അടക്കം ചെയ്ത പെട്ടികള്‍ തമ്മില്‍ പരസ്പരം മുട്ടരുതെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാലാണ് വലിയ വിമാനം ഉപയോഗിക്കുന്നത്. വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും.
ബന്ധുക്കള്‍ക്ക് തെളിവ് സഹിതം മൃതദേഹങ്ങള്‍ കൈമാറുമെന്നും, സംഭവത്തില്‍ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും ജനറല്‍ വികെ സിങ് പറഞ്ഞു.