മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

May 13, 2018 0 By Editor

മലേഷ്യ: യാത്രവിലക്കിന് പിന്നാലെ മലേഷ്യയിലെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ ആഡംബര വസതികളില്‍ പോലീസ് റെയ്ഡ്. വണ്‍ എം.ഡി.ബി. അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് മലേഷ്യയിലെ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് ജക്കാര്‍ത്തയിലേക്ക് പോകാനിരിക്കെ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു യാത്രാവിലക്ക് പ്രഖ്യാപിച്ചത്.

യാത്രാ വിലക്ക് വന്നതിന് തൊട്ടുപിന്നാലെ നജീബ് റസാഖ് ഉംനോ പാര്‍ട്ടിയില്‍ നിന്നും ബാരിസണ്‍ നാഷനല്‍ സഖ്യത്തിന്റെ ചെയര്‍മാന്‍ പദവിയില്‍ നിന്നും രാജി വച്ചിരുന്നു. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നജീബിനെതിരെ സര്‍ക്കാര്‍ പുനരന്വേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

സജീവ രാഷ്ട്രീയം വിട്ട മഹാതിര്‍ തന്റെ മുന്‍ അനുയായിയും പ്രധാനമന്ത്രിയുമായ നജീബ് റസാഖിന്റെ അഴിമതിക്കെതിരെ രംഗത്ത് വരികയായിരുന്നു. നജീബ് റസാഖിന്റെ അക്കൗണ്ടില്‍ 70 കോടി ഡോളര്‍ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് നിക്ഷേപിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അഴിമതി ആരോപണത്തിന് വഴി തെളിച്ചത്.