നീര്‍വാരം കൊട്ടവയലില്‍ കാട്ടാന ശല്യം രൂക്ഷം

നീര്‍വാരം കൊട്ടവയലില്‍ കാട്ടാന ശല്യം രൂക്ഷം

May 24, 2018 0 By Editor

നടവയല്‍: നീര്‍വാരം, കൊട്ടവയല്‍ പ്രദേശത്തെ ജനജീവിതം ദുഃസഹമാക്കി കാട്ടാനകള്‍ സൈ്വര്യ വിഹാരം നടത്തുന്നു. എന്നാല്‍ വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രദേശത്തെ ഏക്കര്‍ കണക്കിന് കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ ഒന്നുപോലും അവശേഷിക്കുന്നില്ല. കാട്ടാനയുടെ ആക്രമണത്തില്‍ കൃഷി നാശം സംഭവിച്ച വൃദ്ധ കൊട്ടവയല്‍ പത്മാവതി അവ്വ ആത്മഹത്യയുടെ വക്കിലാണ്. വന്യമൃഗശല്യം തടയാന്‍ വനം വകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. നീര്‍വാരത്തിനടുത്ത് അമ്മാനി, കൊട്ടവയല്‍ ഗ്രാമവാസികളാണ് കാട്ടാനശല്യത്തിന്റെ രൂക്ഷതയില്‍ ജിവിതം മുന്‍മ്പോട്ട് കൊണ്ടുപോകാനാവാതെ ദുരിതത്തിലായിരിക്കുന്നത്.

അമ്മാനി നഞ്ചിറമൂല വനത്തില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നത്. വനാതിര്‍ത്തിയില്‍ കിടങ്ങുകള്‍ ഇടിച്ച് നിരത്തിയാണ് ആനകള്‍ നാട്ടിലിറങ്ങുന്നത്. കിടങ്ങുകളുടെ നവീകരണം നടത്താത്തതും വൈദ്യുതി വേലി തകര്‍ന്ന് കിടക്കുന്നതുമാണ് ആനകള്‍ നാട്ടിലിറങ്ങാന്‍ കാരണമാകുന്നത്. കൊട്ടവയല്‍ പത്മാവതി അവ്വയുടെ ഒന്നര ഏക്കര്‍ സ്ഥലത്തെ വാഴകൃഷി കാട്ടാനകള്‍ ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചു.

രണ്ട് മാസം മുന്‍പ് ഒരു ലക്ഷത്തിലധികം രൂപയിറക്കിയതായിരുന്നു. തൊട്ടടുത്തുള്ള വി.എന്‍. ലക്ഷ്മിദേവി, രാജന്‍ എന്നിവരുടെ കപ്പ, കമുക്, പയര്‍, തെങ്ങ് കൃഷികളും കാട്ടാന നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ട്ടമാണ് സംഭവിച്ചത്.

നഞ്ചറമൂല ഭാഗത്ത് വനാതിര്‍ത്തിയില്‍ കിടങ്ങ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും വൈദ്യുതി വേലിയുടെ അറ്റകുറ്റപണികള്‍ നടത്തുകയും കൃഷി നാശം സംഭവിച്ചവര്‍ക്ക് മതിയായ നഷ്ട്ടപരിഹാരം നല്‍കുകയും വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്