ദമ്പതികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ പുറത്ത്: ആമസോണ്‍ ഇക്കോ സ്പീക്കര്‍ വിവാദത്തിലേക്ക്

ദമ്പതികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ പുറത്ത്: ആമസോണ്‍ ഇക്കോ സ്പീക്കര്‍ വിവാദത്തിലേക്ക്

May 26, 2018 0 By Editor

ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന ആമസോണിന്റെ സ്മാര്‍ട്ട് സ്പീക്കറുകളാണ് ഇക്കോ. എന്നാല്‍, അമസോണ്‍ ഇക്കോയെ സംബന്ധിച്ച വിവാദമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അമേരിക്കയിലെ ഒറീഗണിലെ പോര്‍ട്ട്‌ലാന്റ് സ്വദേശികളായ ദമ്പതികളുടെ സ്വകാര്യ സംഭാഷണം അവരറിയാതെ റെക്കോര്‍ഡ് ചെയ്ത് ഇക്കോ സുഹൃത്തിന് അയച്ചുകൊടുത്തതാണ് വിവാദത്തിന് കാരണം.

ദമ്പതിമാര്‍ അവരുടെ മുറിയിലാണ് അമസോണ്‍ ഇക്കോ സ്ഥാപിച്ചിരുന്നുത്. ദമ്പതിമാരുെട നിര്‍ദേശമില്ലാതെ തന്നെ ഇക്കോ ഇവരുടെ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തിനാണ് സന്ദേശം അയച്ചത്. അദ്ദേഹം ഉടന്‍ തന്നെ ഇക്കാര്യം ദമ്പതികളെ അറിയിച്ചു. തുടര്‍ന്ന് ആമസോണുമായി ദമ്പതികള്‍ ബന്ധപ്പെട്ടപ്പോള്‍ സ്വകാര്യതക്ക് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇപ്പോഴുണ്ടായിരിക്കുന്നത് അത്യപൂര്‍വമായ സംഭവമാണെന്നമുള്ള മറുപടിയാണ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. ആമസോണ്‍ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

ആമസോണ്‍ ഇക്കോയില്‍ ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്ത് അയക്കണമെങ്കില്‍ നിരവധി കമാന്‍ഡുകള്‍ നല്‍കണം. ടേണ്‍ ഇറ്റ് ഓണ്‍, റെക്കോര്‍ഡ് എ വോയ്‌സ് മെസേജ്, സെന്‍ഡ് ഇറ്റ് ടു എ കോണ്‍ടാക്ട് തുടങ്ങിയ വോയ്‌സ് കമാന്‍ഡുകളൊന്നും നല്‍കാതെ ആമസോണ്‍ ഇക്കോ സന്ദേശമയക്കില്ല. ഇതൊന്നും നല്‍കാതെ തന്നെ എങ്ങനെ സന്ദേശം പോയി എന്ന കാര്യം അജ്ഞാതമാണ്. വോയ്‌സ് അസിസ്റ്റന്റ് ഉപകരണങ്ങളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ക്ക് വഴിമരുന്നിടുന്നതാണ് പുതിയ സംഭവം. ആമസോണ്‍ ഇക്കോ, ഗൂഗിള്‍ ഹോം സ്പീക്കര്‍, ആപ്പിള്‍ ഹോംപാഡ് എന്നിവയെല്ലാം സമാനരീതിയിലുള്ള ഉപകരണങ്ങളാണ്.