നാല് വര്‍ഷം പ്രേമിച്ച കാമുകനെ ഉപേക്ഷിച്ച് വിവാഹതലേന്ന് യുവതി ഫേസ്ബുക്ക് സുഹൃത്തിനൊപ്പം ഒളിച്ചോടി: സംഭവമറിഞ്ഞ് കാമുകന്‍ കേക്ക് മുറിച്ച് ആഘോഷിച്ച്

നാല് വര്‍ഷം പ്രേമിച്ച കാമുകനെ ഉപേക്ഷിച്ച് വിവാഹതലേന്ന് യുവതി ഫേസ്ബുക്ക് സുഹൃത്തിനൊപ്പം ഒളിച്ചോടി: സംഭവമറിഞ്ഞ് കാമുകന്‍ കേക്ക് മുറിച്ച് ആഘോഷിച്ച്

May 30, 2018 0 By Editor

കാസര്‍കോട്: കാമുകനുമായുള്ള വിവാഹത്തിന് തലേദിവസം പെണ്‍കുട്ടി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി. നീലേശ്വരം കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് നാല് വര്‍ഷത്തോളം പ്രേമിച്ച കാമുകനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയത്. ചെറുപുഴ സ്വദേശിയായ ഫേസ്ബുക്ക് കാമുകനും പെണ്‍കുട്ടിയും പിന്നീട് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി.

കാസര്‍കോട് നീലേശ്വരത്ത് കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. നാല് വര്‍ഷത്തോളം പ്രേമിച്ച പെണ്‍കുട്ടി വിവാഹത്തിന് തലേദിവസം മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയത് കാമുകന്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ഈ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നീലേശ്വരത്തെ വിവാഹം മുടങ്ങിയതും ഒളിച്ചോട്ടവും മറ്റുള്ളവരുമറിഞ്ഞു.

പിതാവിന്റെ ബന്ധുവായ യുവാവുമായി കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയായ പെണ്‍കുട്ടി നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ ബന്ധത്തെ ആദ്യം എതിര്‍ത്തിരുന്നെങ്കിലും ഇരുവരും പ്രണയം തുടര്‍ന്നു. ഒടുവില്‍ രണ്ടുപേരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയ വീട്ടുകാര്‍ പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ വിവാഹം നടത്തിതരാമെന്നും സമ്മതിച്ചു.

പെണ്‍കുട്ടിയുടെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കാമുകനായ യുവാവിന്റെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ സന്ദേശമെത്തിയത്. ചെറുപുഴ സ്വദേശിയായ ഫേസ്ബുക്ക് കാമുകനുമായി തന്റെ വിവാഹം കഴിഞ്ഞെന്നായിരുന്നു പെണ്‍കുട്ടിയുടെ സന്ദേശം. ഒപ്പം ഇരുവരുടെയും വിവാഹ ചിത്രങ്ങളും അയച്ചുകൊടുത്തു. ഇതോടെയാണ് നാല് വര്‍ഷമായി പ്രേമിച്ച പെണ്‍കുട്ടി അസ്സലായി തേച്ചെന്ന് യുവാവിന് ബോധ്യമായത്.

പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതോടെ ബന്ധുവായ കാമുകനും മാതാപിതാക്കളും പെണ്ണ് കാണാനെത്തി. അതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെ വിവാഹം നിശ്ചയിച്ചു. തന്റെ പ്രണയം സാക്ഷാത്ക്കാരത്തിലെത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു യുവാവ്. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടി ഫേസ്ബുക്ക് വഴി മറ്റൊരാളുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ഇക്കാര്യം ആരുമറിഞ്ഞിരുന്നില്ല.

രണ്ട് വീടുകളിലും വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ സമയത്താണ് ആ സംഭവമുണ്ടാവുന്നത്. കൃത്യമായി പറഞ്ഞാല്‍ വിവാഹത്തിന്റെ തലേദിവസം. വിവാഹ ആവശ്യത്തിനുള്ള വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങാന്‍ പെണ്‍കുട്ടിയും കാമുകനും അന്ന് വൈകീട്ട് കാഞ്ഞങ്ങാട് ടൗണില്‍ പോയിരുന്നു. തുടര്‍ന്ന് സാധനങ്ങളെല്ലാം വാങ്ങിയ ശേഷം ഇരുവരും ബൈക്കില്‍ ഒരുമിച്ച് നീലേശ്വരം വരെയത്തി. നീലേശ്വരം ടൗണില്‍ ഇറങ്ങിയ പെണ്‍കുട്ടി കാമുകനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പെണ്‍കുട്ടി വീട്ടിലെത്തിയില്ല.

പെണ്‍കുട്ടി ഒളിച്ചോടി പോയതോടെ വിവാഹം മുടങ്ങി. ആഘോഷങ്ങളും ഒരുക്കങ്ങളും നിര്‍ത്തിവച്ചു. സദ്യയ്ക്കായി വാങ്ങിയ സാധനങ്ങളെല്ലാം തിരിച്ചുനല്‍കി. എന്നാല്‍ പെണ്‍കുട്ടി ഇട്ടെറിഞ്ഞ് പോയതിന്റെ പേരില്‍ നിരാശനായിരിക്കാന്‍ യുവാവ് തയ്യാറായിരുന്നില്ല. നീ പോയാല്‍ എനിക്ക് ഒന്നുമില്ല എന്നെഴുതിയ കേക്ക് മുറിച്ചാണ് യുവാവും കൂട്ടുകാരും തേപ്പ് ആഘോഷിച്ചത്. ഈ ചിത്രങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.