ജയിക്കേണ്ട കളി കളഞ്ഞു കുളിച്ചു കേരള ബ്ലാസ്റ്റേഴ്സ്

ജയിക്കേണ്ട കളി കളഞ്ഞു കുളിച്ചു കേരള ബ്ലാസ്റ്റേഴ്സ്

April 7, 2018 0 By Editor

ഭുവനേശ്വർ: സൂപ്പർകപ്പിൽ തീർക്കാനിറങ്ങിയ കേരളത്തിന് ഐ ലീഗ് ടീമായ നെറോക്ക എഫ്സിക്കെതിരെ ദയനീയ തോൽവി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നെറോക്ക എഫ്സി ബ്ലാസ്റ്റേഴ്സിനെ കെട്ടുകെട്ടിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സ് കന്നി സൂപ്പർകപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായി. മുന്നേറിയ നെറോക്ക എഫ്സിയാകട്ടെ ക്വാർട്ടറിൽ ഐഎസ്എൽ റണ്ണേഴ്സ് അപ്പായ ബെംഗളൂരു എഫ്സിയെ നേരിടും. കേരളത്തിനിന്നുള്ള ഗോകുലം കേരള എഫ്സിയെ തോൽപ്പിച്ചാണ് ബെംഗളൂരു ക്വാർട്ടറിൽ കടന്നത്.
ഭുവനേശ്വറിൽ നടന്ന വാശിയേറിയ മൽസരത്തിൽ രണ്ടു ഗോളിന്റെ ലീഡു നേടിയശേഷം ബ്ലാസ്റ്റേഴ്സ് മൽസരം കൈവിടുന്ന കാഴ്ച അത്യന്തം നിരാശപ്പെടുത്തുന്നതായിരുന്നു. 11–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ മധ്യനിര താരം വിക്ടർ പുൾഗയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. ഈ ഗോളിന്റെ ആനൂകുല്യത്തിൽ ലീഡുമായി ഇടവേളയ്ക്കു കയറിയ ബ്ലാസ്റ്റേഴ്സിനായി 49–ാം മിനിറ്റിൽ മലയാളി താരം കെ.പ്രശാന്ത് ഉജ്വല ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി. രണ്ടു ഗോൾ ലീഡുമായി മൽസരത്തിന്റെ 70 മിനിറ്റ് പൂർത്തിയാക്കിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ദയനീയ തോൽവി വഴങ്ങിയത്.