ജിഷ്ണു പ്രണോയിയുടെ സ്മാരകം പി.ഡബ്ല്യൂ.ഡി പൊളിച്ചു നീക്കി

ജിഷ്ണു പ്രണോയിയുടെ സ്മാരകം പി.ഡബ്ല്യൂ.ഡി പൊളിച്ചു നീക്കി

June 8, 2018 0 By Editor

കോട്ടയം: ജിഷ്ണു പ്രണോയിയുടെ ഓര്‍മയ്ക്കായി പാമ്പാടി നെഹ്‌റു കോളേജിന് സമീപം എസ്.എഫ്.ഐ നിര്‍മ്മിച്ച സ്മാരകം ഇന്ന് രാവിലെ പൊലീസ് സാന്നിധ്യത്തില്‍ പി.ഡബ്ല്യൂ.ഡിയുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. പാമ്പാടി സെന്ററില്‍ സ്ഥാപിച്ചിരുന്ന സ്മാരകം മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടറും കേരളാ ഹൈക്കോടതിയും ഉത്തരവിട്ടെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തീരുമാനം മാറ്റിവെക്കുകയായിരുന്നു.

സ്മാരകം പൊളിച്ചു നീക്കാനുള്ള തൃശൂര്‍ ആര്‍ഡിഒയുടെ ഉത്തരവ് പൊലീസ് പാലിക്കുന്നില്ലെന്നാരോപിച്ച് പാമ്പാടി തിരുവില്വാമല സ്വദേശി കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവിട്ടത്. പാമ്പാടി പെരിങ്ങോട്ടുകുറിശ്ശി റോഡിനോടു തൊട്ടുചേര്‍ന്നുള്ള സ്മാരകം അപകടമുണ്ടാക്കുമെന്നാരോപിച്ച് ഹര്‍ജിക്കാരന്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയിരുന്നു. ആര്‍ഡിഒ സ്മാരകം നീക്കാന്‍ പഴയന്നൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും പാലിച്ചില്ലെന്നായിരുന്നു ആരോപണം.

വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് സമരങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് കോളേജിന്റെ പിന്നിലെ കവാടത്തിനടുത്ത് എഐടിയുസി ഓഫീസിനോടു ചേര്‍ന്ന് ജിഷ്ണുവിന് സ്മാരകമൊരുക്കിയത്.