ബസില്‍ നിന്നും ലാഭമുണ്ടായാലും ഇല്ലെങ്കിലും ശമ്പളം കിട്ടുമെന്ന വിശ്വാസമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്: ടോമിന്‍ തച്ചങ്കരി

June 19, 2018 0 By Editor

തിരുവനന്തപുരം; ബസില്‍ നിന്നും ലാഭമുണ്ടായാലും ഇല്ലെങ്കിലും ശമ്പളം കിട്ടുമെന്ന വിശ്വാസമാണ് ജീവനക്കാര്‍ക്കെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്‌ളസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള സി.എം.ഡിയുടെ സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിക്കണമെന്ന എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാലം വരുമെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. അതിന് ഇപ്പോഴത്തെ ചില രീതികളൊക്കെ മാറണം. ഇ ബസ് നിരത്തിലിറക്കുന്നതിനെ കുറിച്ച് കഴിഞ്ഞ നാലു വര്‍ഷമായി ചര്‍ച്ച നടക്കുകയായിരുന്നു. ഒരു കാര്യവുമില്ലാത്ത ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. സ്ഥാപനത്തിനും ജനത്തിനും ഗുണമുണ്ടാകുന്ന തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്. ഇപ്പോള്‍ ഒരു ഇ ബസ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നു.

കെ.എസ്.ആര്‍.ടി.സിക്ക് പത്തു പൈസയുടെ ചെലവില്ല. കിട്ടുന്നത് മുഴുവന്‍ ലാഭം. ഇനിയും ബസുകള്‍ ആവശ്യമാണ്. പണം കൊടുത്ത് വാങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ വാടകയ്ക്ക് എടുക്കും. ഇപ്പോള്‍ സംസ്ഥാനത്തില്‍ ഓടുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ 80 ശതമാനവും സ്വകാര്യബസുകളാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. 80 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്ന സ്ഥിതിയുണ്ടാകണം. അത് ജീവനക്കാര്‍ക്കും ജനത്തിനും നേട്ടമുണ്ടാക്കും.

സ്വകാര്യ ബസുകളൊന്നും നഷ്ടത്തിലല്ല. അതിലെ ജീവനക്കാര്‍ ലാഭമുണ്ടാക്കി കൊടുക്കുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ അങ്ങനെയല്ല, ബസില്‍ നിന്നും ലാഭമുണ്ടായാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് ശമ്ബളം കിട്ടുമെന്ന വിശ്വാസമാണ് ഈ അലസതയ്ക്ക് കാരണം. സ്വകാര്യ ബസ് എല്ലാ സ്റ്റോപ്പുകളിലും നിറുത്തി ആളെ കയറ്റി വരുമാനമുണ്ടാക്കുമ്പോള്‍ അതിന്റെ മുന്നില്‍ പോകുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ബസ് സ്റ്റോപ്പില്‍ നിറുത്താതെ കാശ് കൈപ്പറ്റുന്നു.

ഇത്തരം പ്രവണതകളൊക്കെ അവസാനിപ്പിച്ചേ മതിയാകൂ. തൊഴിലാളികളെ കുറയ്ക്കുന്ന സി.എം.ഡിയായിരിക്കില്ല ഞാന്‍. കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്ന സി.എം.ഡി ആകാനാണിഷ്ടം തച്ചങ്കരി പറഞ്ഞു.