ലോകകപ്പില്‍ ആദ്യ വിജയത്തിനായി അര്‍ജന്റീന ഇന്ന് കളത്തിലറങ്ങും

ലോകകപ്പില്‍ ആദ്യ വിജയത്തിനായി അര്‍ജന്റീന ഇന്ന് കളത്തിലറങ്ങും

June 21, 2018 0 By Editor

റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയം ലക്ഷ്യമിട്ട് മെസ്സിയും സംഘവും ഇന്ന് ക്രൊയേഷ്യയ്‌ക്കെതിരെ ഇറങ്ങും. വിജയം മാത്രം അനിവാര്യമായ നിലനില്‍പ്പിന്റെ പോരാട്ടത്തിനാണ് ഇന്ന് അര്‍ജന്റീന ക്രൊയേഷ്യക്കെതിരെ ഇറങ്ങുന്നത്.

ആദ്യമല്‍സരം സമനിലയിലായതിനാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് ജയം ഉറപ്പിച്ചെ മതിയാകൂ. അതേസമയം, നൈജീരിയയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ക്രൊയേഷ്യ അര്‍ജന്റീനയ്‌ക്കെതിരെ ഇറങ്ങുക.

മെസ്സിയുടെയും അര്‍ജന്റീനയുടെയും ആത്മവിശ്വാസമാണ് ഐസ്‌ലാന്‍ഡ് ഗോളി ഹാള്‍ദോര്‍സണ്‍ അന്ന് തട്ടിയകറ്റിയത്. അതുകൊണ്ട് തന്നെ അടിമുടി മാറ്റങ്ങളുമായാണ് നീലപ്പട ഇന്നിറങ്ങുന്നത്. ജയിക്കാനായില്ലെങ്കില്‍ ലോകപ്പില്‍ ഒരുപക്ഷെ, ആദ്യ റൗണ്ടില്‍ തന്നെ അര്‍ജന്റീനയ്ക്ക് പുറത്തേക്ക് വഴിതെളിയും. എന്നാല്‍ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഹാട്രിക്ക് നേടിയ മെസിയുടെ ഇടങ്കാല്‍ കരുത്തില്‍ ഒരു നാട് ഒരിക്കല്‍ കൂടി മുഴുവന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്.

അര്‍ജന്റീന ക്രൊയേഷ്യ മത്സരത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് മൂന്ന് സൂപ്പര്‍ താരങ്ങളുെടെ സാന്നിധ്യമാണ്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് ഇവാന്‍ റാക്കിറ്റിച്ച് സഖ്യവും. ക്ലബ് കളിയില്‍ ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരവും സുഹൃത്തുമാണ് റാക്കിറ്റിച്ച്, മോഡ്രിച്ചാകട്ടെ പ്രധാന എതിരാളിയായ റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരവും. ഈ സാഹചര്യയത്തില്‍ മെസ്സി തന്റെ മിത്രത്തിനും ശത്രവിനുമെതിരെയാണ് ഇന്നിറങ്ങുന്നത്.

അര്‍ജന്റീനെ മെസ്സിയെ ആശ്രയിക്കുന്നതുപോലെയാണ് ക്രൊയേഷ്യ മോഡ്രിച്ചറാക്കിറ്റിച്ച് സഖ്യത്തെ ആശ്രയിക്കുന്നത്. ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ഇവരില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് ക്രൊയേഷ്യന്‍ സഖ്യമാണ്. നൈജീരിയക്കെതിരെ ക്രൊയേഷ്യ വിജയം നേടിയതിന് പിന്നില്‍ മധ്യനിരയിലെ ഈ താരങ്ങളുടെ കൂട്ടുകെട്ട് മികവിലേക്കുയര്‍ന്നതാണ്.

ഐസ്‌ലാന്‍ഡ് നടത്തിയതുപോലെ കടുത്ത പ്രതിരോധകളി, ക്രൊയേഷ്യ നടത്താനിടയില്ല എന്നു വിചാരിക്കാം. ഇന്ത്യന്‍ സമയം രാത്രി 11.30ന് നിഷ്‌നിയിലാണ് അര്‍ജന്റീന ക്രൊയേഷ്യ മത്സരം.