ഭീകരരില്‍ നിന്ന് കാശ്മീര്‍ കാക്കുന്നവരുടെ കൂട്ടത്തില്‍ ഇനി കരിമ്പൂച്ചക്കളും

June 22, 2018 0 By Editor

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ റംസാനില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതോടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കേന്ദ്രം. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി)യിലെ കമാന്‍ഡോകളുടെ സേവനവും പ്രയോജനപ്പെടുത്തും. ശ്രീനഗര്‍ വിമാനത്താവളം അടക്കമുള്ള തന്ത്രപ്രധാന മേഖലകളിലാകും ഇവരെ നിയോഗിക്കുക.

ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കുന്നതിന്റെ പ്രാഥമിക ഘട്ടമെന്നവണ്ണം ഇന്ത്യന്‍ പൊലീസ് സര്‍വീസിലെ സിംഹമെന്ന് അറിയപ്പെടുന്ന കെ. വിജയകുമാറിനെ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായ ജമ്മു കാശ്മീര്‍ ഗവര്‍ണ്ണറുടെ സുരക്ഷാ ഉപദേഷ്ടാവാക്കി മോദി സര്‍ക്കാര്‍ നിയമിച്ചിരുന്നു.

ജയലളിതയുടെ ഭരണകാലത്ത് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരിക്കുമ്പോള്‍ ഗുണ്ടകളെ കൂട്ടത്തോടെ വെടിവച്ച് കൊന്ന് തുടങ്ങിയ വിജയകുമാര്‍ പിന്നീട് ബി.എസ്.എഫിലും സി.ആര്‍.പി.എഫിലും പ്രവര്‍ത്തിച്ചപ്പോഴും രക്തരൂക്ഷിത നടപടികള്‍ സ്വീകരിച്ച് മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും പേടി സ്വപ്നമായിമാറിയിരുന്നു.

എന്‍.എസ്.ജി സംഘത്തെ നിയോഗിക്കാന്‍ കഴിഞ്ഞ മാസമാണ് കേന്ദ സര്‍ക്കാര്‍ തീരുമാനിച്ചത്. കരസേന, സി.ആര്‍.പി.എഫ്, ജമ്മു കാശ്മീര്‍ പൊലീസ് എന്നിവ സംയുക്തമായാണ് നിലവില്‍ കാശ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ശ്രീനഗറിലെ ബി.എസ്.എഫ് ക്യാന്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സംഘത്തെ ഉടന്‍ തന്നെ കാശ്മീരിലേക്ക് നിയോഗിക്കും.

ആദ്യ ഘട്ടത്തില്‍ നൂറു പേരടങ്ങിയ സംഘമാണ് എത്തുക. പിന്നീട് കാശ്മീരിന് വേണ്ടി മാത്രമായി കമാന്‍ഡോ യൂണിറ്റ് ശ്രീനഗറില്‍ ആരംഭിക്കാനാണ് ലക്ഷ്യം. ലക്ഷ്യം തെറ്റാതെ വെടിവയ്ക്കുന്നതില്‍ വിദഗ്ദരായ രണ്ട് ഡസന്‍ കമാന്‍ഡോകളായിരിക്കും തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ നോക്കുക.

1984ലാണ് എന്‍.എസ്.ജി രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സേനയിലെ കമാന്‍ഡോകള്‍ അത്യാധുനിക ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിനു പുറമെ വി.ഐ.പികളുടെ സുരക്ഷയും കാക്കുന്ന എന്‍.എസ്.ജിയ്ക്ക് ‘ബ്ലാക്ക് ക്യാറ്റ്‌സ്’ (കരിമ്പൂച്ചകള്‍) എന്ന വിളിപ്പേരുമുണ്ട്.