കൈവരിയും തൂണുകളും തകര്‍ന്ന സ്വര്‍ഗ പാലം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

കൈവരിയും തൂണുകളും തകര്‍ന്ന സ്വര്‍ഗ പാലം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

June 24, 2018 0 By Editor

പെര്‍ള: സ്വര്‍ഗ പാലത്തിന്റെ കൈവരിയും തൂണുകളും തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര അപകടത്തിലായി. പെര്‍ളയില്‍ നിന്നും സ്വര്‍ഗ വഴി കര്‍ണാടകയിലെ പുത്തൂരിലേക്കുള്ള അന്തര്‍ സംസ്ഥാന പാതയില്‍ സ്വര്‍ഗയിലാണ് പാലം സ്ഥിതിചെയ്യുന്നത്.

പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് കുഴികള്‍ രൂപപെടുകയും കമ്പികള്‍ ദ്രവിച്ച് കല്ലുകള്‍ ഇളകിയ നിലയിലുമാണ്. ഇതുവഴി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഉള്‍പ്പെടെ അനേകം വാഹനങ്ങളാണ് കടന്നുപോകുന്നത്. കൈവരി തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പുതുക്കി നിര്‍മിക്കണമെന്ന ആവശ്യത്തിനു മുന്നില്‍ അധികാരികള്‍ കണ്ണടയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍മകജെ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പെര്‍ളസ്വര്‍ഗ റോഡ് കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപ ചിലവഴിച്ചു അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ അപകടാവസ്ഥയിലുള്ള പാലം പുതുക്കി നിര്‍മിക്കാന്‍ അധികൃതര്‍ തയാറായില്ല. കാലവര്‍ഷം തുടങ്ങിയതോടെ പാലത്തിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം വാഹന യാത്ര ദുഷ്‌കരമായിരിക്കുകയാണ്. ഡ്രൈവറുടെ കണ്ണ് ഒന്നു തെറ്റിയാല്‍ ഏതു സമയവും ഇവിടെ അപകടം ഉറപ്പാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.