സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം: ഏതു നിമിഷവും റഷ്യയുടെ തിരിച്ചടി ഭയന്ന് ലോകം

സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം: ഏതു നിമിഷവും റഷ്യയുടെ തിരിച്ചടി ഭയന്ന് ലോകം

April 14, 2018 0 By Editor

മോസ്‌കോ: സിറിയക്കെതിരായ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധനീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. ഗുരുതരപ്രത്യാഘാതങ്ങളനുഭവിക്കേണ്ടി വരുമെന്നാണ് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യു.എസ് ആക്രമണം നടത്തിയത്. തങ്ങളുടെ മുന്നറിയിപ്പുകളെല്ലാം അവര്‍ അവഗണിച്ചു. ഇതിനെല്ലാം കൃത്യമായ തിരിച്ചടി ഏതു നിമിഷവും ഉണ്ടാകാമെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ പ്രതികരിച്ചു.

സിറിയ രാസായുധങ്ങള്‍ സംഭരിച്ച മേഖലകളില്‍ യു.എസ്, യു.കെ, ഫ്രാന്‍സ് സംയുക്ത സേന ആക്രമണം നടത്തിയെന്ന് അമേരിക്ക തന്നെയാണ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് സിറിയയെ പിന്തുണയ്ക്കുന്ന റഷ്യയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

റഷ്യയുടെ പ്രസിഡന്റിനെ അപമാനിച്ചുകൊണ്ടുള്ള നീക്കം അംഗീകരിക്കാനോ അനുവദിക്കാനോ ആവുന്നതല്ലെന്ന് റഷ്യന്‍ അംബാസിഡര്‍ പ്രസ്താവനയില്‍ അറിയിച്ചു. തങ്ങള്‍ക്കെതിരെ അമേരിക്ക ഭീഷണി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി. രാസായുധങ്ങളുടെ ഏറ്റവും വലിയ സംരംഭകരായ അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്നും റഷ്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.