പക്വമായ നിലപാട് അമ്മയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയില്ല: ഇനി ചേര്‍ന്ന് പോകാനാകില്ലെന്ന് റിമാ കല്ലിങ്കല്‍

പക്വമായ നിലപാട് അമ്മയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയില്ല: ഇനി ചേര്‍ന്ന് പോകാനാകില്ലെന്ന് റിമാ കല്ലിങ്കല്‍

June 26, 2018 0 By Editor

കൊച്ചി: താര സംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇനി അമ്മയുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടി റിമാ കല്ലിങ്കല്‍ ഒരു ചാനലിനോട് പറഞ്ഞു. അമ്മയിലെ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയില്ല. പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷയെന്നും റിമ പറഞ്ഞു.

നടിയെ അക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയില്ല. ‘അമ്മ മഴവില്‍’ എന്ന പരിപാടിയില്‍ ഏത് രീതിയിലാണ് ആ സംഘടന പ്രതികരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അവര്‍ വനിതാ കൂട്ടായ്മയെ അങ്ങിനെയാണ് കാണുന്നത്. എന്ത്‌കൊണ്ട് ഇക്കാര്യങ്ങളെല്ലാം ഫേസ്ബുക്കിലൂടെ പറയുന്നു എന്നാണ് പലരുടെയും ആരോപണം. ജനാധിപത്യപരമായ ഒരു പൊതു പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായം പറഞ്ഞത്. എല്ലാവരും ചോദിക്കേണ്ട ചോദ്യങ്ങളാണ് തങ്ങളും ചോദിക്കുന്നത്. ഇതില്‍ ഡബ്ല്യ.സി.സിയുടെ നിലപാട് കൃത്യമാണ്. അതൊരു വ്യക്തിയുടെ തീരുമാനമല്ല, കൂട്ടായി എടുക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

എന്ത്‌കൊണ്ടാണ് അമ്മയുടെ യോഗത്തില്‍ പോയി ഈ അഭിപ്രായം പറയാത്തത് എന്ന ചോദ്യത്തിന് ‘അമ്മ’യില്‍ പോയി പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്നുമായിരുന്നു റിമയുടെ മറുപടി.