അനുമതിയില്ലാതെ പുസ്തകമെഴുതി: ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

April 18, 2018 0 By Editor

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് ഇത്തവണ സസ്‌പെന്‍ഷന്‍. ജേക്കബ് തോമസ് അന്വേഷണസമിതിയ്ക്ക് മുന്‍പില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിട്ടത്.

രണ്ടു പുസ്തകങ്ങളാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ അനുമതിയില്ലാതെ എഴുതിയത്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആദ്യപുസ്തകത്തിലും കാര്യവും കാരണവും എന്ന രണ്ടാമത്തെ പുസ്തകത്തിലും ചട്ടവിരുദ്ധമായ നടപടികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് അപൂര്‍വ്വമായാണ് ഒരു ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനുമേല്‍ വീണ്ടും സസ്‌പെന്‍ഷന്‍ നേരിടുന്നത്. നേരത്തെ സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഓഖിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ ജേക്കബ് തോമസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് നിയമവാഴ്ച തകരാറിലായി. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിന് കാരണം ഇതാണെന്നായിരുന്നു ജേക്കബ് തോമസിന്റെ പരാമര്‍ശം.

ജേക്കബ് തോമസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പരാമര്‍ശം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു വിലയിരുത്തിയാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടി. കൂടാതെ ഓഖിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയത്ത് കലാപം സൃഷ്ടിക്കുന്ന തരത്തില്‍ ജേക്കബ് തോമസ് നടത്തിയ പരാമര്‍ശം ഒരു ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നു.