യു.എസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് വിടവാങ്ങി

April 18, 2018 0 By Editor

വാഷിംഗ്ടണ്‍: യു.എസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. ഭര്‍ത്താവും മകനും അമേരിക്കന്‍ പ്രസിഡന്റാവുന്നതിന് സാക്ഷിയായ ഏകവനിതയാണ് ബാര്‍ബറ. അമേരിക്കയുടെ 41ആമത്തെ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഭാര്യയും 43ആമത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ അമ്മയുമാണ് ബാര്‍ബറ.

ഹൃദയപ്രശ്‌നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖവും ഏറെക്കാലമായി അലട്ടിയിരുന്ന ബാര്‍ബറയുടെ മരണവാര്‍ത്ത മകന്‍ ബുഷ് ആണ് പുറത്ത് വിട്ടത്. ആ അമ്മയുടെ മകനായതില്‍ താന്‍ ഭാഗ്യവാനാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുശോചന സന്ദേശങ്ങള്‍ക്കും നന്ദിയുണ്ടെന്നും ബുഷ് അറിയിച്ചു.

പ്രഥമ വനിത എന്നതിലുപരി അവര്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെയാണ് ബാര്‍ബറ ജനപ്രിയയായത്. ബാര്‍ബറ ബുഷ് ഫൗണ്ടേഷന്‍ ഫോര്‍ ഫാമിലി ലിറ്ററസി’ എന്ന പേരില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. ദരിദ്രകുടുംബങ്ങളിലെ മാതാപിതാക്കളേയും കുട്ടികളേയും എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം.