നഗരമധ്യത്തില്‍ നിന്ന് ജെസിബി കാണാതായി: അന്വേഷണം എങ്ങുമെത്താതെ പോലീസ്
June 29, 2018കോട്ടയം: കോട്ടയം ടൗണില്‍ നിന്ന് ഒരു ജെസിബി കാണാതായിട്ട് രണ്ടുമാസം കഴിഞ്ഞു. ഇതുവരെ ജെസിബി തട്ടിയെടുത്തത് ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ 21നാണ് കോട്ടയം ടൗണിലെ ബേക്കര്‍ ജംഗ്ഷനില്‍നിന്നും ജെസിബി തട്ടിയെടുത്തത്. കെഎസ്ടിപി റോഡ് പണിക്കായി കൊണ്ടുവന്ന ശ്രീധന്യ കണ്‍സ്ട്രക്ഷന്റെ ഉടമസ്ഥതയിലുള്ളതാണ് ജെസിബി. പരാതി ലഭിച്ചയുടന്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍ വരെ പോലീസ് അന്വേഷിച്ചെത്തി. കോയമ്ബത്തൂരിലൂടെ ജെസിബി കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് എങ്ങോട്ടു പോയി എന്നു കണ്ടെത്താനായില്ല.
ബേക്കര്‍ ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിനു ജെസിബി ഓടിച്ചുപോകുന്നതു കണ്ടെത്താന്‍ കഴിഞ്ഞു. പണിക്ക് ശേഷം രാത്രിയില്‍ റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന ജെസിബിയാണ് കാണാതായത്.