നോട്ട് ക്ഷാമം രൂക്ഷം: 200 രൂപ നോട്ടുകളുടെ അച്ചടി കൂടിയതിനാലെന്ന് എസ്ബിഐ

April 19, 2018 0 By Editor

ന്യൂഡല്‍ഹി: 200 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചതാണ് നിലവിലെ നോട്ട് പ്രതിസന്ധിയുടെ കാരണമെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട്. 200 രൂപയുടെ കറന്‍സി അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകള്‍ക്ക് വിപണിയില്‍ ക്ഷാമമനുഭവപ്പെട്ടു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സിക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. 200 രൂപയുടെ നോട്ടുകള്‍ നിറക്കാനായി പല എ.ടി.എമ്മുകളും സജ്ജമായിരുന്നില്ല. ഇതും പ്രതിസന്ധിക്ക് കാരണമായെന്ന് എസ്ബിഐ വ്യക്തമാക്കുന്നു.

ഏകദേശം 70,000 കോടി രൂപയുടെ കറന്‍സി ക്ഷാമം വിപണിയില്‍ ഉണ്ടെന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത്. 2018ല്‍ 15,29,100 കോടി രൂപ ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് എ.ടി.എമ്മുകളിലുടെ പിന്‍വലിക്കപ്പൈട്ടന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2017മായി താരത്മ്യം ചെയ്യുേമ്പാള്‍ 12.2 ശതമാനം വര്‍ധനയാണ് എ.ടി.എം ഉപയോഗത്തില്‍ ഉണ്ടായതെന്നും എസ്ബിഐ വ്യക്തമാക്കുന്നു.

രാജ്യത്ത് നോട്ട് നിരോധനത്തിന് സമാനമായി പണക്ഷാമം ഉണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കറന്‍സി അച്ചടിയില്‍ ഉള്‍പ്പടെ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് എസ്ബിഐ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.