ആള്‍മാറാട്ടം നടത്തി പീഡനശ്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

ആള്‍മാറാട്ടം നടത്തി പീഡനശ്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

July 10, 2018 0 By Editor

കോട്ടയം: ആള്‍മാറാട്ടം നടത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. ഇലഞ്ഞി അന്ത്യാള്‍ കരയില്‍ മേല്‍കണ്ണായില്‍ വീട്ടില്‍ ജോയി വര്‍ഗീസ് ആണ് പിടിയിലായത്. കടുത്തുരുത്തി പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിടനാട് പോലീസില്‍ ബലാത്സംഗ ശ്രമത്തിനും കൂത്താട്ടുകുളം സ്‌റ്റേഷനില്‍ മാല മോഷണത്തിനും ഇയാള്‍ക്കെതിരെ കേസു നിലവിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടി മാത്രമുള്ള സമയം നോക്കി വീട്ടിലെത്തി പീഡപ്പിക്കാന്‍ ശ്രമം നടത്തിയ കേസിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.

ഞീഴൂരില്‍ കഴിഞ്ഞമാസം 20ന് നടന്ന സംഭവുമായി ബന്ധപെട്ടാണ് പ്രതിയെ പോലീസ് പിടികൂടിയത്. പെണ്‍ക്കുട്ടിയുടെ അച്ഛന്റെ സുഹൃത്താണെന്നും ഡോക്ടറാണെന്നും പറഞ്ഞു ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ പീഡനത്തിന് ശ്രമിച്ചത്.

തിരുമുചികിത്സ നടത്താമെന്നും തയാറാകാനും പെണ്‍ക്കുട്ടിയോട് പ്രതി ആവശ്യപെടുകയായിരുന്നു. താന്‍ ഡോക്ടറാണെന്നു പെണ്‍ക്കുട്ടിയെ വിശ്വസിപ്പിക്കുന്നതിനായി കടപ്പൂര് പിണ്ടിപ്പുഴയില്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ ഫോണ്‍നമ്ബരും തുടര്‍ചികിത്സ വേണമെങ്കില്‍ തെന്ന വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു മറ്റൊരു ഫോണ്‍നമ്ബരും പ്രതി നല്‍കിയിരുന്നു.

പെണ്‍ക്കുട്ടിയുടെ പിതാവ് വീട്ടിലെത്തിയതോടെ പ്രതി ഇവിടെ നിന്നും മുങ്ങി. പരാതിയുടെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം വരികയായിരുന്നു. പ്രതി മേല്‍വിലാസം നല്‍കിയ ഡോക്ടര്‍ക്ക് ഇക്കാര്യത്തില്‍ ബന്ധമില്ലെന്നു വ്യക്തമായി.

രണ്ടാമത്തെ നമ്ബര്‍ പോക്‌സോ, പീഡനകേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച വേലായുധന്‍ എന്നയാളുടെ പേരില്‍ എടുത്തതാണെന്നും വ്യക്തമായി.

കടുത്തുരുത്തി എസ്.എച്ച്.ഒ. കെ.പി. തോംസണിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ.മാരായ കെ.സജി, സുദര്‍ശനന്‍, വിജയപ്രസാദ്, സി.വി.പോലീസ് ഓഫീസര്‍ ജോളി എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അറസ്റ്റിലായ പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.