പൊല്‍പ്പുള്ളിക്കാര്‍ക്ക് വരള്‍ച്ച ഇനി പഴങ്കഥ: പെണ്‍കൂട്ടായ്മയില്‍ പിറന്നത് 43 കുളങ്ങള്‍

പൊല്‍പ്പുള്ളിക്കാര്‍ക്ക് വരള്‍ച്ച ഇനി പഴങ്കഥ: പെണ്‍കൂട്ടായ്മയില്‍ പിറന്നത് 43 കുളങ്ങള്‍

July 11, 2018 0 By Editor

പാലക്കാട്: വരള്‍ച്ചയും ജലദൗര്‍ലഭ്യവും പൊല്‍പ്പുള്ളിക്കാര്‍ക്ക് ഇനി പഴങ്കഥയാണ്. ഏതു വേനലിനേയും നേരിടാന്‍ തയ്യാറായ കുളങ്ങളും കൊക്കര്‍ണികളും പൊല്‍പ്പുള്ളിയെ ജലസമൃദ്ധമാക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ പെണ്‍കൂട്ടായ്മയാണ് ഈ ജലസമൃദ്ധിക്ക് വഴിയൊരുക്കിയത്.

വരള്‍ച്ചയെ പ്രതിരോധിക്കാനും കൃഷിയാവശ്യത്തിനുമായി കഴിഞ്ഞ വേനലില്‍ ഇവിടെ തയ്യാറാക്കിയത് 43 കുളങ്ങളും കൊക്കര്‍ണികളുമാണ്. കാര്‍ഷികാവശ്യത്തിന് ജലം സംഭരിക്കുന്ന വലിയ കിണറുകളാണ് കൊക്കര്‍ണികള്‍. 1200 ഓളം തൊഴില്‍ദിനങ്ങളിലാണ്് ഓരോ കൊക്കര്‍ണിയും പൂര്‍ത്തിയായത്.

തൊഴിലാളികളുടെ ലഭ്യതയ്ക്കനുസരിച്ച് ഓരോ പ്രവൃത്തിയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയായിരുന്നു. തൊഴിലാളികള്‍ വര്‍ധിക്കുന്നതിനനുസരിച്ച് തൊഴില്‍ ദിനങ്ങള്‍ കുറയുകയും വേനലിനു മുമ്ബ് പണി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്തു.

പൊല്‍പ്പുള്ളി പഞ്ചായത്തിലെ 13 വാര്‍ഡുകളിലുമായി നടത്തിയ ഗ്രാമസഭകളില്‍ നിന്നാണ് കൊക്കര്‍ണി ആവശ്യമുള്ള ഗുണഭോക്താക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യക്കാര്‍ക്ക് അവരുടെ കൃഷിസ്ഥലത്ത് കൊക്കര്‍ണികള്‍ കുഴിച്ചുകൊടുക്കുകയായിരുന്നു. അതിനാല്‍ തികച്ചും സൗജന്യമായാണ് കൃഷിക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമായത്.

കൂടാതെ തൊഴിലാളികള്‍ക്ക് ഇതിലൂടെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു.
നീരുറവയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കുഴിച്ചതിനാല്‍ വേനലില്‍ തന്നെ വെള്ളമുണ്ടായിരുന്ന ഈ കിണറുകള്‍ കാലവര്‍ഷം ശക്തമായതോടെ ജലസമൃദ്ധമായിരിക്കുകയാണ്. സ്വാഭാവികമായി റീചാര്‍ജ് ചെയ്യപ്പെടുന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ മഴവെള്ളം ഒട്ടും പാഴാവാതെ സംഭരിക്കാനാവും. ഇതുമൂലം കടുത്ത വേനലിലും ജലസമൃദ്ധി കൈവരിക്കാം.

പഞ്ചായത്തിന്റെ 80 ശതമാനവും കൃഷിഭൂമിയാണ്. അതിനാല്‍ ജനസംഖ്യയിലേറെയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകരും കര്‍ഷകതൊഴിലാളികളുമാണ്. വേനല്‍ രൂക്ഷമായാല്‍ വലിയൊരു വിഭാഗത്തെയാണ് അത് പ്രതികൂലമായി ബാധിക്കുക. വരള്‍ച്ചയെ അതിജീവിച്ച് കൃഷി ചെയ്യുക എന്നത് ഇവര്‍ക്ക് ഒരു വെല്ലുവിളിയായിരുന്നു. ഇതിനെതിരെയുള്ള ശ്രമങ്ങളില്‍ നിന്നാണ് കൊക്കര്‍ണികളില്‍ ജലം സംഭരിക്കുക എന്ന ആശയമുണ്ടായതും തുടര്‍ന്ന് കൊക്കര്‍ണികള്‍ നിര്‍മിച്ചതും.

കൊക്കര്‍ണികളില്‍ ജലം സംഭരിച്ച് കൃഷി ചെയ്യുക എന്നത്് പരമ്ബരാഗത രീതിയാണെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് അത് സാധ്യമായിരുന്നില്ല. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവ നിര്‍മിച്ചതിനാല്‍ വ്യക്തികള്‍ക്ക് സാമ്ബത്തിക ബാധ്യത ഇല്ലാതെ തന്നെ കൊക്കര്‍ണികള്‍ നിര്‍മിക്കാന്‍ കഴിഞ്ഞു എന്നത് നേട്ടമാണെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

നിലവില്‍ കൊക്കര്‍ണി ഉള്ളവര്‍ക്ക് അത് ആഴം കൂട്ടി നല്‍കുകയും പുതിയ ആവശ്യക്കാര്‍ക്ക് നിര്‍മിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ജലസംരക്ഷണത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുള്ളത്. കുളങ്ങളുടേയും കൊക്കര്‍ണികളുടേയും നിര്‍മാണത്തിനു പുറമെ തടയണകളുടെ നിര്‍മാണം, നവീകരണം, കുളങ്ങളുടെ പുനരുദ്ധാരണം, കിണര്‍ നിര്‍മാണം എന്നിവയും നടപ്പിലാക്കിയിട്ടുണ്ട്.

നമുക്ക് ലഭിക്കുന്ന കാലവര്‍ഷത്തെ പരമാവധി പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ രീതിയില്‍ ജലം സംഭരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഏതു വരള്‍ച്ചയേയും നേരിടാം എന്നതിന്റെ തെളിവാണ് പൊല്‍പ്പുള്ളിയിലെ ജലസംഭരണികള്‍.