കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നിരോധിച്ചേക്കും

July 11, 2018 0 By Editor

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) രാജ്യത്ത് നിരോധിച്ചേക്കും. പിഎഫ്‌ഐയുടെ
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരേ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. കേരളത്തിന്റെ വിയോജിപ്പിനെത്തുടര്‍ന്ന് ഒരിക്കല്‍ മന്ദഗതിയിലായ നിരോധനനീക്കം, അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും സജീവമായി. കൂടാതെ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട കേസിലും പോപ്പുലര്‍ ഫ്രണ്ടിനു പങ്കുള്ളതായും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ തീവ്രവാദ കേസുകള്‍ നിലവിലുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടിലുള്ളത്. എന്‍ഐഎ സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ നിരോധനമടക്കമുള്ള കടുത്ത നടപടികളിലേക്കു കേന്ദ്രം നീങ്ങുകയുള്ളൂ. കഴിഞ്ഞദിവസത്തെ അവലോകന ഓഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് വിശദവിവരങ്ങള്‍ തേടി. കേരളാപോലീസ് ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.ബി. റാണിയും റിപ്പോര്‍ട്ട് നല്‍കി. ഇതടിസ്ഥാനമാക്കിയാണ് കേന്ദ്രനീക്കം.

സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം, ഗോരക്ഷാപ്രവര്‍ത്തനം ആരോപിച്ച് കൊല്ലം പുത്തൂരില്‍ സൈനികന്റെ വീടാക്രമിച്ച സംഭവം, ആര്‍.എസ്.എസ്.സി.പി.എം. അക്രമം ലക്ഷ്യമിട്ട് ചവറയില്‍ സി.പി.എം. കൊടിമരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബി.ജെ.പി. കൊടികെട്ടിയ സംഭവം എന്നിവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വീഡിയോയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പരിശീലനം നടത്തുന്നത്. മാത്രമല്ല സമാന്തരമായ ഭരണസംവിധാനം രാജ്യത്ത് നടപ്പാക്കുകയാണ് പിഎഫ്‌ഐ ചെയ്യുന്നതെന്നും എന്‍ഐഎ പറയുന്നു.2006ലാണ് എസ്ഡിപിഐ മേധാവിയായ ഇ അബൂബക്കര്‍ പോപ്പുലര്‍ ഫ്രണ്ടെന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. കോളിളക്കമുണ്ടാക്കിയ ലൗജിഹാദ് സംഭവത്തിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നാണ് എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

മതതീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങള്‍ പങ്കുവെക്കാനും കേരളത്തില്‍ തുടങ്ങിയ ഇരുന്നൂറിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. കേരളാപോലീസില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ‘പച്ചവെളിച്ചം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും അതില്‍ പരാമര്‍ശിക്കുന്നു.

അതിനിടെ, കേരളത്തിന്റെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സംസ്ഥാന ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി. ടി.കെ. വിനോദ്കുമാറിനെ രാജ്ഭവനില്‍ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തേടി. ഇത് പതിവുസന്ദര്‍ശനമാണെന്നാണ് രാജ്ഭവന്‍ കേന്ദ്രങ്ങളുടെ വിശദീകരണം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയതെന്നറിയുന്നു.

അടിസ്ഥാനം എന്‍.ഐ.എ. റിപ്പോര്‍ട്ട്

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശവിരുദ്ധമാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം അവസാനം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയിരുന്നു. ഇപ്പോഴത്തെ നടപടികള്‍ക്ക് ആധാരം ഈ റിപ്പോര്‍ട്ടാണ്. എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞ വിഷയങ്ങള്‍

* 2010ല്‍ മൂവാറ്റുപുഴയില്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ സംഭവം

* കണ്ണൂര്‍ നാറാത്ത് നടന്ന സായുധ പരിശീലന ക്യാമ്ബ്

*െബംഗളുരുവില്‍ ആര്‍.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊല

* പ്രമുഖരെ കൊലപ്പെടുത്താന്‍നടന്ന ഗൂഢാലോചന

രൂപവത്കരിച്ചിട്ട് 12 വര്‍ഷം

കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റികര്‍ണാടകം, എന്‍.ഡി.എഫ്.കേരളം, മനിത നീതി പസറൈതമിഴ്‌നാട്, സിറ്റിസണ്‍സ് ഫോറംഗോവ, നാഗരിക് അധികാര്‍ സുരക്ഷാസമിതി ബംഗാള്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് രൂപംകൊണ്ടത്. എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയസംഘടനയാണ്. അഭിമന്യു കൊലക്കേസില്‍ ആരോപണവിധേയമായ കാന്പസ് ഫ്രണ്ട് വിദ്യാര്‍ഥിസംഘടനയും.

കഴിഞ്ഞ മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. രാജ്യത്താകമാനം നിരോധിക്കുന്നതിന് മുന്നോടിയാണിതെന്ന് വിലയിരുത്തുന്നു. ഇതിനെതിരേ കേരളത്തിലും പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നുവെന്ന പേരിലാണ് ജാര്‍ഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതെന്നതും ശ്രദ്ധേയം.