തോരാത്ത മഴയില്‍ കുതിര്‍ന്ന് കേരളം: ഈ ആഴ്ച മുഴുവന്‍ മഴ തുടരാന്‍ സാധ്യത

തോരാത്ത മഴയില്‍ കുതിര്‍ന്ന് കേരളം: ഈ ആഴ്ച മുഴുവന്‍ മഴ തുടരാന്‍ സാധ്യത

July 12, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായി പെയ്യുന്ന മഴ നാശം വിതയ്ക്കുകയാണ്. 24 മണിക്കൂറിന് ഇടയില്‍ രണ്ട് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പെരിന്തല്‍മണ്ണയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരനും, കഴക്കൂട്ടത്തില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയുമാണ് മരിച്ചത്. കാലവര്‍ഷം ശക്തമായപ്പോള്‍ സംസ്ഥാനത്ത് മൂന്ന് വീടുകള്‍ പൂര്‍ണമായും ,36 വീടുകള്‍ ഭാഗീകമായും തകര്‍ന്നു.

മഴ കാരണം മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ താമരശ്ശേരി ചുരം വഴിയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണവും ഉണ്ട്

കനത്തു പെയ്യുന്ന മഴയ്ക്കു പിന്നാലെ ന്യൂനമര്‍ദവും രൂപപ്പെട്ടതോടെ ഈ ആഴ്ച മുഴുവന്‍ മഴ തുടരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോടു ചേര്‍ന്നു വെള്ളിയാഴ്ച വൈകിട്ടോടെ ന്യൂനമര്‍ദം ഉടലെടുക്കും. കേരളത്തിലെ മഴയ്ക്കു നേരിട്ടു ബന്ധമില്ലെങ്കിലും ഇവിടേക്ക് രൂപപ്പെടുന്ന മേഘങ്ങള്‍ കേരളത്തെയും മഴയുടെ കീഴില്‍ നിര്‍ത്തും എന്നുറപ്പായി കഴിഞ്ഞു.

വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരളലക്ഷ്വദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ലക്ഷ്വദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുത് എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് എറണാകുളം ജില്ലയിലെ പിറവത്തായിരുന്നു. ഇവിടെ 16 സെന്റീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ വയനാട് വൈത്തിരിയില്‍ 15 സെന്റീ മീറ്ററഉം, കോട്ടയം ജില്ലയിലെ കോഴ, വൈക്കം എന്നിവിടങ്ങളില്‍ 13 സെന്റീമീറ്ററും മഴ ലഭിച്ചു.