സ്വദേശിവല്‍ക്കരണം: കുവൈറ്റില്‍ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം വരുന്നു

സ്വദേശിവല്‍ക്കരണം: കുവൈറ്റില്‍ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം വരുന്നു

July 12, 2018 0 By Editor

കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവല്‍ക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം വരുന്നു. പാര്‍ലമെന്റിലെ സ്വദേശിവല്‍ക്കരണ സമിതി മേധാവി ഖലീല്‍ അല്‍ സാലിഹ് എം.പിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സ്വദേശിവല്‍ക്കരണം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷക്കാനും ബാഹ്യ ഇടപെടലുകള്‍ ഇല്ലാതാക്കാനുമാണ് സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്.

നിശ്ചിതകാലത്തിനുള്ളില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ ചില വകുപ്പുകള്‍ നിര്‍ദേശം കൃത്യമായി പാലിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ബാഹ്യ ഇടപെടലുകള്‍ കാരണമാണ് ചില വകുപ്പുകളില്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതെന്നും നിരീക്ഷണമുണ്ട്.

ഈ സാഹചര്യത്തിലാണ് പൊതുമേഖലയിലെ സ്വദേശിവല്‍ക്കരണം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നതെന്ന് ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ നിശ്ചയിച്ച പ്രകാരം സ്വദേശിവല്‍ക്കരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30000 കുവൈറ്റികളാണ് പഠനം കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുന്നത്. ഇവര്‍ക്കും നേരത്തെ സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും തൊഴിലവസരം ഉറപ്പുവരുത്തേണ്ടതുണ്ട്. സ്വദേശികള്‍ ജോലി ചെയ്യാന്‍ മടിക്കുന്ന തസ്തികകളിലല്ലാതെ പൊതുമേഖലയില്‍ വിദേശികളെ അവശേഷിപ്പിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ല. സ്വദേശിവല്‍ക്കരണത്തില്‍ താല്‍പര്യക്കുറവ് കാണിക്കുന്ന വകുപ്പുകള്‍ക്കെതിരെ നടപടി കൈകൊള്ളുമെന്നും ഖലീല്‍ അല്‍ സാലിഹ് കൂട്ടിച്ചേര്‍ത്തു.