വെറൈറ്റി ചെമ്മീന്‍ റോസ്റ്റ്

വെറൈറ്റി ചെമ്മീന്‍ റോസ്റ്റ്

July 14, 2018 0 By Editor

ചെമ്മീന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പല നാടുകളില്‍ പലവിധത്തില്‍ ചെമ്മീന്‍ വിഭവങ്ങള്‍ ലഭ്യമാണ്. എന്നാല്‍ നല്ല നാടന്‍ രുചിക്കൂട്ടുകളില്‍ പാകം ചെയ്ത ചെമ്മീന്‍ വിഭവങ്ങളുടെ രുചി ഒന്നു വേറെ തന്നെയാണ്. ചെമ്മീന്‍ പാകം ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇവിടെയിതാ നല്ലൊരു ചെമ്മീന്‍ വിഭവത്തിന്റെ രുചിക്കൂട്ട്.

ചേരുവകള്‍

1. വലിയ ചെമ്മീന്‍ വൃത്തിയാക്കിയത് 500g
2. സവാള 2 എണ്ണം
3. പച്ചമുളക് കീറിയത് 4 എണ്ണം
4. തക്കാളി ചെറുതായി അരിഞ്ഞത് 2 എണ്ണം
5. ഇഞ്ചി നീളത്തില്‍ അരിഞ്ഞത് ഏകദേശം 3 ഇഞ്ച്
6. വെളുത്തുള്ളി ചതച്ചത് 7 വലിയ അല്ലികള്‍
7. കാശ്മീരി മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍
8. മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
9. കുരുമുളകു പൊടി ഒരു ടീ സ്പൂണ്‍
10. മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
11. ഗരം മസാലപ്പൊടി ഒരു ടീ സ്പൂണ്‍
12. സോയ സോസ് ഒരു ടീ സ്പൂണ്‍
13. ടൊമാറ്റോ സോസ് രണ്ട് ടീ സ്പൂണ്‍
14. വെളിച്ചെണ്ണ ആവശ്യത്തിന്
15. ഉപ്പ് പാകത്തിന്
16. പഞ്ചസാര ഒരു നുള്ള്
17. മല്ലിയില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ഉപ്പുചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്കു പൊടികളൊക്കെ ചേര്‍ത്ത് ഒന്നുകൂടി ഇളക്കിയതിന് ശേഷം തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. അതിനു ശേഷം വൃത്തിയാക്കിയ ചെമ്മീന്‍ ചേര്‍ത്തിളക്കി ഇത്തിരി വെള്ളം ചേര്‍ത്ത് വേവിക്കുക. അധികനേരം ചെമ്മീന്‍ വേവിക്കേണ്ട ആവശ്യമില്ല. ഗ്രേവി ഒന്ന് കുറുകുമ്‌ബോള്‍ സോയ സോസും ടൊമാറ്റോ സോസും ചേര്‍ത്തിളക്കുക.

അവസാനം ഒരു നുള്ളു പഞ്ചസാരയും ചേര്‍ത്തിളക്കി കുറച്ച് വെളിച്ചെണ്ണയും മല്ലിയിലയും തൂവി വാങ്ങുക. അപ്പം, റൈസ്, ചപ്പാത്തി, ബ്രെഡിനൊപ്പം ഒക്കെ സൈഡ് ഡിഷായിട്ട് ഉപയോഗിക്കാവുന്നതാണ്.