കുടിവെള്ള പദ്ധതി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം

കുടിവെള്ള പദ്ധതി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം

July 18, 2018 0 By Editor

നെടുമങ്ങാട് : ഈ മഴക്കാലത്ത് നാട് മുഴുവന്‍ ജലസമ്ബുഷ്ടമാകുമ്‌ബോള്‍ കാവിയോട്ടുമുകള്‍ നിവാസികള്‍ക്ക് കുടിവെളളം അന്യമാണ്. ചുമട്ടുവെളളത്തെ ആശ്രയിച്ച് കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ജീവിതം തളളിനീക്കുകയാണിവര്‍. നെടുമങ്ങാട് നഗരസഭയിലെ മണക്കോട് വാര്‍ഡില്‍പ്പെടുന്ന ഇവിടം പേര് സൂചിപ്പിക്കുന്നതുപോലെതന്നെ കുന്നിന്‍പ്രദേശമാണ്. ജലക്ഷാമം പരിഹരിയ്ക്കുതിന് മാറിമാറിവന്ന ഭരണസമിതികള്‍ പലപദ്ധതികള്‍ ആവിഷ്‌കരിച്ചുവെങ്കിലും ഒട്ടും ഗുണം കണ്ടില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പേ വാട്ടര്‍ അതോറിറ്റി കുടിവെളള പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കിയെങ്കിലും ഇവിടെ വെളളം എത്താറില്ല. പ്രദേശത്തെ ഒരേ ഒരു ജലസ്രോതസ്സായ കുളം നവീകരിച്ച് കുടിവെളളം കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും വാട്ടര്‍ പ്യൂരിറ്റി പരിശോധനയില്‍ ഇത് കുടിയ്ക്കാന്‍ യോഗ്യമല്ല എന്ന് കണ്ടെത്തുകയായിരുന്നു. പുതിയ നഗരസഭ ഭരണസമിതി അധികാരത്തില്‍ വന്നതുമുതല്‍ ബി.ജെ.പി പ്രതിനിധിയായി മത്സരിച്ചു ജയിച്ച കൗണ്‍സിലര്‍ വിനോദിനിയ്ക്ക് നിരവധി തവണ കുടിവെളളക്ഷാമം പരിഹരിയ്ക്കുന്നതിനുളള നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടികള്‍ ഉണ്ടായില്ല. ഈ അവസരത്തിലാണ് സി.പി.ഐ(എം) നേതൃത്വത്തില്‍ നെടുമങ്ങാട് നഗരസഭാ ചെയര്‍മാന് നേരിട്ട് പ്രദേശവാസികള്‍ നിവേദനം നല്‍കിയത്. ഇതിനെതുടര്‍ന്ന് അഞ്ച് ലക്ഷം രൂപ കാവിയോട്ടുമുകള്‍ കുടിവെളള പദ്ധതിയ്ക്ക് നഗരസഭ അനുവദിക്കുകയും ചെയ്തു. ഈ പ്രദേശത്ത് തനതായി കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിനും, ഇതില്‍ നിന്ന് ലഭിക്കുന്ന വെളളം ജലസംഭരണിയില്‍ ശേഖരിച്ച് പ്രദേശവാസികള്‍ക്ക് എത്തിയ്ക്കാനുമാണ് നഗരസഭ തീരുമാനിച്ചത്.

ഇതിനായി സ്ഥലവാസിയായ രാജീവ് ഒരു സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കുകയും ചെയ്തു. എന്നാല്‍ കൗസിലറുടെ നേതൃത്വത്തില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന അവസരത്തില്‍ കാവിയോട്ടുമുകള്‍ കുഴല്‍കിണര്‍ പദ്ധതിയെ കാവിയോട്ടുമുകള്‍ പൈപ്പ് ലൈന്‍ പദ്ധതിയാക്കി മാറ്റിയെന്നാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്. പ്രദേശത്ത് പൈപ്പ് ലൈന്‍ സ്ഥാപിയ്ക്കാന്‍ തുച്ഛമായ തുകമാത്രം ആകുന്ന സാഹചര്യത്തില്‍ പദ്ധതിയ്ക്കായി നീക്കിവെച്ച തുക വകമാറ്റി ചെലവഴിയ്ക്കാനാണ് കൗസിലറുടെ നീക്കമെന്നും ഇവര്‍ ആരോപിയ്ക്കുന്നു. ഇതില്‍ പ്രധിക്ഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ നെടുമങ്ങാട് നഗരസഭാ ഓഫീസിലേയ്ക്ക് കാവിയോട്ടുമുകള്‍ നിവാസികള്‍ പ്രതിക്ഷേധമാര്‍ച്ച് നടത്തി.

യോഗം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരികേശന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ് ബിജു, ബി.സതീശന്‍, ബി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിക്ഷേധമാര്‍ച്ചിന് നേതൃത്വം നല്‍കി.