വിസാ നിയമത്തിലെ സമഗ്ര പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പാക്കും: യുഎഇ

July 22, 2018 0 By Editor

യു.എ.ഇ: വിസാ നിയമത്തില്‍ പ്രഖ്യാപിച്ച സമഗ്ര പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് യു.എ.ഇ. വൈദഗ്ധ്യമുള്ളവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കരണ നടപടികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തിയത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി യു.എ.ഇ മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളുടെ പ്രയോഗവത്കരണം ഉടന്‍ ഉണ്ടാകുമെന്ന് അതോറിറ്റി അധികൃതര്‍ വെളിപ്പെടുത്തി. തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും നിരവധി ഇളവുകള്‍ നല്‍കുന്നതാണ് പുതിയ മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്.

തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരം, തുടങ്ങിയ ആനുകൂല്യങ്ങള്‍ നേരത്തെ യു.എ.ഇ മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂര്‍ നേരത്തേ ട്രാന്‍സിറ്റ് വിസ സൗജന്യമാക്കാനും യു.എ.ഇ തീരുമാനിച്ചിരുന്നു.