ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായി അഭിമുഖം: വിദേശ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തായ്‌ലാന്റ് ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി

ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായി അഭിമുഖം: വിദേശ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തായ്‌ലാന്റ് ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി

July 22, 2018 0 By Editor

ബാങ്കോക്ക്: തായ്‌ലാന്റിലെ താം ലുവാങ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ അഭിമുഖമെടുത്ത വിദേശ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട കുട്ടികളെ അവരുടെ വീട്ടിലെത്തി മാധ്യമങ്ങള്‍ അഭിമുഖം നടത്തുകയായിരുന്നു.

മാധ്യമങ്ങളുടെ പ്രവര്‍ത്തിക്കെതിരെ തായ്‌ലാന്റിന്റെ ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി ഫോര്‍ ജസ്റ്റിസ് തവാച്ചായ് തായ്‌ക്യോ തന്റെ ഫേസ്ബുക്ക് പേജിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും അവരെ സംരക്ഷിക്കുന്നതിന്റെ നടപടിക്രമങ്ങളും നന്നായി അറിയാമെന്നു ധരിച്ച വിദേശ മാധ്യമങ്ങള്‍ നിലവാര തകര്‍ച്ചയിലേക്ക് എത്തിയത് തന്നെ വളരയേറെ ദു:ഖിപ്പിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടികളുമായി അഭിമുഖം നടത്തുമ്പോള്‍ മാധ്യമ സ്ഥാപനങ്ങള്‍ ചില നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന മുറിവുകളെ ബാധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ തടയുന്നതിനായി ഒരു മന:ശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യം അഭിമുഖ സമയത്ത് ആവശ്യമാണെന്നാണ് നിയമം. നിയമം ലംഘിച്ചവര്‍ പരമാവധി പിഴയായ 1800 ഡോളറിനും, ആറു മാസത്തെ തടവിനും, അല്ലെങ്കില്‍ രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുമെന്ന് ചിയാങ് റായ് പ്രവിശ്യ ഗവര്‍ണര്‍ വ്യക്തമാക്കി.

കുട്ടികളുമായി അഭിമുഖം നടത്തരുതെന്ന് ആശുപത്രി വിട്ട കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി തായ് മാധ്യമ പ്രവര്‍ത്തകര്‍ക്കും വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കും അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.