കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടിയായി: ജില്ലാകളക്ടര്‍

July 22, 2018 0 By Editor

ആലപ്പുഴ: കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുത്തെന്ന് ജില്ലാകലക്ടര്‍. കൈനകരി അടക്കമുള്ള മേഖലകളില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നേവിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജനജീവിതം താറുമാറായ കുട്ടനാട്ടില്‍ ദുരിതമൊഴിയുന്നില്ല. മഴ കുറഞ്ഞിട്ടും ആയിരക്കണക്കിന് പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് സൗജന്യ റേഷനും അവശ്യസാധനങ്ങളും കിട്ടുന്നില്ലെന്നാണ് ഇപ്പോള്‍ പരാതി. ആലപ്പുഴ നഗരത്തിലെ കേന്ദ്രത്തില്‍ മാത്രമാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.

ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിക്കുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പായില്ലെന്നും ക്യാമ്പുകളിലുള്ളവര്‍ ബില്ലുമായി കേന്ദ്രത്തിലെത്തി സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണെന്നും ദുരിതബാധിതര്‍ പറയുന്നു. എന്നാല്‍ വിതരണകേന്ദ്രത്തിലെത്താന്‍ പോലും ദുരിത ബാധിതര്‍ക്ക് സൗകര്യമില്ല.