കൃഷിയിടത്തിലേക്ക് പുതിയൊരു അതിഥി:’ചിയ’

കൃഷിയിടത്തിലേക്ക് പുതിയൊരു അതിഥി:’ചിയ’

July 25, 2018 0 By Editor

തിരുവനന്തപുരം: നമ്മുടെ കൃഷിയിടത്തിലേക്ക് പുതിയൊരു അതിഥിയെത്തുന്നു. ആള്‍ ചില്ലറക്കാരനല്ല. മധ്യ അമേരിക്കയാണ് ജന്മ ദേശം. ആഗോള തലത്തില്‍ തന്നെ ഏറെ ആരാധകരും ആവശ്യക്കാരുമുള്ള സൂപ്പര്‍ ഫുഡ് എന്ന വിളിപ്പേര് പോലും സ്വന്തമാക്കിയ ‘ചിയ’ എന്ന ധാന്യമാണ് നമ്മുടെ കൃഷിയിടത്തില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നത്.

മെക്‌സിക്കോയുടെ ദക്ഷിണ ഭാഗങ്ങളിലും ഗ്വാട്ടിമലയിലും വ്യാപകമായി കാണുന്ന ധാന്യമാണ് ചിയ. സല്‍വിയ ഹിസ്പാനിക്ക എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. മുട്ടയുടെ ആകൃതിയിലുള്ള ചെറിയ ധാന്യങ്ങളാണ് ചിയ. നമ്മുടെ നാട്ടിലെ തുളസിച്ചെടിയുടെ കുടുംബത്തില്‍പ്പെടുന്നു ഈ ധാന്യവും.

പരീക്ഷണാടിസ്ഥാനത്തില്‍ ചിയ കൃഷിയൊരുക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന കൃഷി വകുപ്പ്. കേരളത്തിന്റെ നെല്ലറയെന്ന വിളിപ്പേര് ഒരു കാലത്ത് സ്വന്തമാക്കിയ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയാണ് കൃഷിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. അട്ടപ്പാടിയിലെ 45 ആദിവാസി ഗ്രാമങ്ങളിലായി 1,200 ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വരള്‍ച്ചയും ജല ദൗര്‍ലഭ്യവും എല്ലാം കൃഷിയിറക്കുന്ന വിഷയത്തില്‍ പരിഗണിക്കുമെന്നും പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 28ന് അട്ടപ്പാടിയില്‍ വച്ച് നടക്കുമെന്നും മന്ത്രി പറഞ്ഞു.

ചിയ ധാന്യം പ്രോട്ടീനുകളുടെ കലവറയാണെന്ന് മന്ത്രി പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് നോക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. വിജയിച്ചാല്‍ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് കേരളത്തിലെ നിലങ്ങള്‍ക്ക് അപരിചിതമായിരുന്ന റാഗി, ചോളം, തിന, കുതിരവാലി പോലുള്ള ധാന്യങ്ങള്‍ അട്ടപ്പാടിയില്‍ നിലവില്‍ കൃഷി ചെയ്ത് വരുന്നുണ്ട്. 2017ല്‍ സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ ആരംഭിച്ച മില്ലറ്റ് വില്ലേജ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇവ ഇപ്പോള്‍ കൃഷി ചെയ്യുന്നത്. സമാന രീതിയില്‍ തന്നെയാണ് ചിയയും കൃഷി ചെയ്യാനായി ഒരുങ്ങുന്നത്.

ചിയ കേരളത്തില്‍ ആദ്യമാണെങ്കിലും അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് സുപരിചിതമായ ധാന്യമാണ്. അവര്‍ സ്വന്തമായി കൃഷി ചെയ്ത് ഇത് വിജയിപ്പിച്ചുകഴിഞ്ഞു.