സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥി

July 25, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രപുരസ്‌കാരദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി തന്നെ പങ്കെടുക്കും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എകെ ബാലനുമായി അദ്ദേഹം സംസാരിച്ചിരുന്നു. താന്‍ ചടങ്ങിനെത്തുമെന്ന് മോഹന്‍ലാല്‍ ഇരുവര്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്.

‘അമ്മ’ എന്ന സംഘടനയ്ക്കും സിനിമാ രംഗത്തിനും സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയ ലാല്‍ ചടങ്ങിനെത്തുമെന്നുറപ്പു നല്‍കി. സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം മാത്രമെ ഇന്നു ലാലിനു കൈമാറുകയുള്ളു.

നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കുന്നതിനെച്ചൊല്ലിയുള്ള നിലപാടിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച്, സംസ്ഥാന ചലച്ചിത്രപുരസ്‌കാരദാനച്ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ മോഹന്‍ലാലിനൊപ്പമെന്ന് മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങില്‍ സൂപ്പര്‍ താരങ്ങള്‍ പങ്കെടുക്കുന്നത് അവാര്‍ഡ് ജേതാക്കളുടെ പ്രാധാന്യം കുറയ്ക്കുമെന്ന് കാട്ടി സിനിമ സാഹിത്യ സാംസ്‌കാരിക മേഖലയിലെ നൂറ്റിയേഴുപേര്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. അതൊന്നും സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിച്ചില്ലെന്ന് മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. അടുത്തമാസം എട്ടിന് കനകക്കുന്ന് നിശാഗന്ധിയിലാണ് അവാര്‍ഡ് പുരസ്‌കാരദാനച്ചടങ്ങ്.

ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന ചിലരുടെ ആവശ്യം അംഗീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി അമ്മ, ഫെഫ്ക, കേരളാ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്, കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

മാത്രമല്ല ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. മോഹന്‍ലാലിന്റെ സാന്നിധ്യം തനിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.